india-israel

ജറുസലേം: ഇസ്രയേൽ എംബസിക്ക് സമീപത്തെ സ്‌ഫോടനത്തിൽ രണ്ട് പേർ വരുന്ന സിസിടിവി ദൃശ്യങ്ങൾ ലഭിച്ചു. ഇവർ ടാക്‌സിയിൽ വന്നിറങ്ങുന്നത് ദൃശ്യങ്ങളിൽ കാണാം. ടാക്‌സി തിരിച്ചറിഞ്ഞിട്ടുണ്ട്. ഡ്രൈവറുടെ സഹായത്തോടെ അന്വേഷണസംഘം രേഖ ചിത്രം തയ്യാറാക്കുകയാണ്. ഇന്ത്യ മൊസാദിന്റെ സഹായം തേടി.

സംഭവത്തിൽ ഇറാൻ സംഘടനകളുടെ പങ്കിനെക്കുറിച്ച് അന്വേഷിക്കുന്നുണ്ട്.സംഭവ സ്ഥലത്തുനിന്ന് ഇറാൻ ബന്ധം തെളിയിക്കുന്ന കത്ത് കണ്ടെത്തി. 'ഇസ്രയേൽ അംബാസഡർക്ക്' എന്ന് അഭിസംബോധന ചെയ്തുകൊണ്ടുള്ളതാണ് കത്ത്. ഇറാനിൽ കൊല്ലപ്പെട്ട പ്രമുഖരുടെ പേരുകൾ കത്തിലുണ്ട്. സ്‌ഫോടനം ട്രെയിലർ മാത്രമാണെന്നും കത്തിൽ പറയുന്നു.


ഇന്നലെ വൈകിട്ട് 5.05നാണ് ഡൽഹിയിലെ അതീവ സുരക്ഷാമേഖലയിലുള്ള ഇസ്രയേൽ എംബസിക്ക് സമീപം ബോംബ് സ്‌ഫോടനം ഉണ്ടായത്. തീവ്രത കുറഞ്ഞ ഐ ഇ ഡിയാണ് പൊട്ടിത്തെറിച്ചത്. ആർക്കും പരിക്കില്ല. സമീപത്ത് പാർക്ക് ചെയ്തിരുന്ന മൂന്ന് കാറുകളുടെ ചില്ലുകൾ തകർന്നു.ഭരണസിരാകേന്ദ്രമായ വിജയ് ചൗക്കിൽ നിന്ന് 2 കി മീ ദൂരത്തിലാണ് എംബസി. ഇന്ത്യ - ഇസ്രായേൽ നയതന്ത്ര ബന്ധത്തിന്റെ 29ാം വാർഷിക ദിനമായിരുന്നു ഇന്നലെ. കഴിഞ്ഞ എട്ടുവർഷത്തിനിടെ ഇസ്രയേൽ എംബസിക്ക് സമീപത്ത് നടക്കുന്ന രണ്ടാമത്തെ സ്‌ഫോടനമാണിത്.