covishield

മെക്‌സിക്കോ സി‌റ്റി: സെറം ഇൻസ്‌റ്റി‌റ്റ്യൂട്ട് നിർമ്മിക്കുന്ന കൊവിഷീൽഡ് വാക്‌സിന്റെ 8,70,000 ഡോസുകൾ ഇന്ത്യയിൽ നിന്നും ഇറക്കുമതി ചെയ്യാൻ ലാ‌റ്റിൻ അമേരിക്കൻ രാജ്യമായ മെക്‌സിക്കോ തീരുമാനിച്ചു. ഫെബ്രുവരി മാസത്തിൽ ഇന്ത്യയിൽ നിന്നുള‌ള കൊവി‌ഡ് വാക്‌സിൻ എത്തുമെന്ന് പ്രസിഡന്റ് അൻഡ്രേസ് മാനുവൽ ലോപ്പസ് ഒബ്രാഡോർ അറിയിച്ചു.

ബ്രിട്ടീഷ്-സ്വീഡിഷ് മരുന്ന് നിർമ്മാണ കമ്പനിയായ ആസ്‌ട്രസെനെക്കയുമായി മെക്‌സിക്കോയും അർജന്റീനയും വാക്‌സിൻ വിതരണത്തിന് കരാറിൽ ഏർപ്പെട്ടിട്ടുണ്ട്. ആസ്‌ട്ര സിനിക്കയും ഓക്‌സ്‌ഫോർഡ് സർവകലാശാലയും ചേർന്ന് നിർമ്മിച്ച കൊവിഷീൽഡ് വാക്‌സിൻ ഇന്ത്യയിൽ നിർമ്മിക്കുക സെറം ഇൻസ്‌‌റ്റി‌റ്റ്യൂട്ടാണ്. മെക്‌സിക്കോയിലും അർജന്റീനയിലും വാക്‌സിൻ വിതരണത്തിന് സാമ്പത്തിക സഹായം നൽകുന്നത് ശതകോടീശ്വരനായ കാർലോസ് സ്ളി‌മ്മിന്റെ സംഘടനയാണ്.

അമേരിക്കൻ കൊവിഡ് പ്രതിരോധ വാക്‌സിനായ ഫൈസറും മെക്‌സിക്കോയിൽ വിതരണം നടത്തുന്നുണ്ട്. ഫെബ്രുവരി പത്തോടെ 1.5 മില്യൺ ഡോസ് വാക്‌സിനുകൾ രാജ്യത്തെത്തുമെന്നാണ് കരുതുന്നതെന്ന് പ്രസിഡന്റ് ഒബ്രാഡോർ അഭിപ്രായപ്പെട്ടു. കൊവിഡ് അതിരൂക്ഷമായ മെക്‌സിക്കോയിൽ പ്രതിരോധ വാക്‌സിനുകൾ എത്തിക്കാനുള‌ള ശ്രമം ഊർജ്ജിതമായി തുടരുകയാണ്. വെള‌ളിയാഴ്‌ച വരെ 1,56,579 പേരാണ് രോഗം ബാധിച്ച് രാജ്യത്ത് മരിച്ചത്. ഇന്ത്യയിൽ നിന്നുള‌ള വാക്‌സിന് പുറമെ റഷ്യ വികസിപ്പിച്ച സ്‌പുട്‌നിക്ക് 5 വാക്‌സിന്റെ 8,70,000 ഡോസുകൾ ഇറക്കുമതി ചെയ്യാനും മെക്‌സിക്കോ തീരുമാനിച്ചിട്ടുണ്ട്. ഐക്യരാഷ്‌ട്ര സഭ വഴി 18ലക്ഷം വാക്‌സിൻ ഡോസുകൾ ഉടനെ രാജ്യത്തെത്തും. 12.6 കോടി ജനസംഖ്യയുള‌ള രാജ്യത്ത് 20 ശതമാനം ജനങ്ങൾക്ക് വാക്‌സിൻ എത്തിക്കുമെന്ന് ഇതുവരെ ഉറപ്പായിട്ടുണ്ട്. അന്തിമഘട്ട വാക്‌സിൻ ട്രയലുകൾ നടക്കുന്ന കാൻ സിനോ ബയോളജിക്‌സ് വാക്‌സിന്റെ അറുപത് ലക്ഷം ഡോസുകളും ഉടൻ മെക്‌സിക്കോയിലെത്തും.