വുഹാൻ:കൊവിഡ് രോഗത്തിന്റെ ഉത്‌ഭവം തേടി ചൈനയിലെത്തിയ ലോകാരോഗ്യ സംഘടനയുടെ വിദഗ്‌ധസംഘം രോഗികളെ ചികിത്സിച്ച ആശുപത്രികളിലും രോഗം പടർന്നതിന് കാരണമെന്ന് കരുതുന്ന മറ്റിടങ്ങളിലും സന്ദർശനം തുടങ്ങി. ലോകാരോഗ്യ സംഘടനയുടെ ആരോഗ്യ വിദഗ്‌ദ്ധർക്കൊപ്പം ചൈനീസ് അധികൃതരും യോഗങ്ങളിലും സന്ദർശനങ്ങളിലും ഒപ്പമുണ്ടാകും.
ഹുബെയ് പ്രവിശ്യാ ആശുപത്രിയിൽ ആദ്യമെത്തിയ സംഘം ഇവിടെ പരിശോധിച്ചു. 2019 ഡിസംബർ 27ന് ഡോ.ഷാംഗ് ജിക്‌സിയാൻ ഇവിടെ വച്ചാണ് പുതിയതരം ന്യുമോണിയ കണ്ടെത്തിയത്. ആദ്യം രോഗം ചികിത്സിച്ചവരോടും ആദ്യം രോഗം ഭേദമായവരോടും സംസാരിക്കുമെന്നും ഹുവാനൻ സമുദ്രഭക്ഷണ മാർക്കറ്റ് സന്ദർശിക്കുമെന്നും ശേഷം വുഹാൻ വൈറോളജി ഇൻസ്‌റ്റിറ്റ്യൂട്ടിലും ലാബുകളിലും സന്ദർശനം നടത്തുമെന്നും ലോകാരോഗ്യസംഘടന സംഘം അറിയിച്ചു.
ചൈനയിൽ കൊവിഡ് രോഗാണുവിന്റെ ഉത്‌ഭവത്തെ കുറിച്ച് പലതരം അനുമാനങ്ങളാണുളളത്. എന്നാൽ യഥാർത്ഥ കാരണങ്ങൾ കണ്ടെത്താൻ വർഷങ്ങളുടെ ഗവേഷണം തന്നെ വേണ്ടിവരുമെന്നാണ് കരുതുന്നത്. കാരണമായി കരുതുന്ന മൃഗങ്ങളുടെ സാമ്പിളുകൾ ശേഖരിച്ച് അവയുടെ ജനിതക പഠനവും സാംക്രമിക രോഗശാസ്‌ത്ര പഠനവും നടത്തി വേണം കാരണം കണ്ടെത്താൻ. നിലവിൽ വിദഗ്‌ദ്ധ സംഘത്തിന് മുന്നിലുളള അനുമാനങ്ങൾ ഇവയൊക്കെയാണ്. ഒരു വേട്ടക്കാരൻ കൈമാറിയ മൃഗത്തിൽ നിന്നാകാം രോഗം പടർന്നതെന്നതാണ് അതിലൊന്ന്. എന്നാൽ തീരെ തെളിവുകളില്ലാത്ത ചില നിഗമനങ്ങൾ ചൈനീസ് സർക്കാർ പ്രചരിപ്പിച്ചിട്ടുണ്ട്. അതിലൊന്ന് കടൽവിഭവങ്ങൾ ശീതീകരിച്ച് സൂക്ഷിച്ചയിടത്തുനിന്നാണ് ആദ്യമായി രോഗം പകർന്നതെന്നാണ്. എന്നാൽ ഈ പ്രചാരണത്തിന് അന്താരാഷ്‌ട്ര തലത്തിൽ അത്ര സ്വീകാര്യതയില്ല.
വിദഗ്‌ദ്ധർ രോഗം പകരാൻ കാരണമായി കരുതുന്നത് വുഹാൻ നഗരത്തിലെ വൈറോളജി ഇൻസ്‌റ്റിറ്റ്യൂട്ടാണ്. 2003ലെ സാർസ് രോഗബാധയ്‌ക്ക് ശേഷം വവ്വാലിൽ നിന്ന് പടരുന്ന കൊവിഡ് വൈറസിനെ കുറിച്ച് വിശദമായ പഠനം ഇവിടെ നടന്നിരുന്നു. ഇവിടെ നിന്നാകാം കൊവിഡ് രോഗാണു പടർന്നതെന്ന് കരുതാൻ പ്രധാന കാരണം ഇതാണ്. ഇതുവരെ 89,000 കൊവിഡ് കേസുകളും 4600 മരണമങ്ങളും മാത്രമാണ് രാജ്യത്ത് ഔദ്യോഗികമായി റിപ്പോർട്ട് ചെയ്‌തത്. രോഗത്തിന്റെ പ്രഭവത്തെ കുറിച്ച് പഠിക്കാൻ ചൈനയിലെത്താൻ ലോകാരോഗ്യ സംഘടന സംഘത്തിന് ആദ്യം ചൈന അനുമതി നൽകിയിരുന്നില്ല. വെളളിയാഴ്‌ചയും 36 പേർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു.