പാർവതി തിരുവോത്തിനെയും റോഷൻ മാത്യുവിനെയും നായികാ നായകന്മാരാക്കി സിദ്ധാർത്ഥ് ശിവ സംവിധാനം ചെയ്യുന്ന വർത്തമാനം ഫെബ്രുവരിയിൽ തിയേറ്ററുകളിലെത്തുന്നു....
സെൻസർ കുരുക്കിൽപ്പെട്ട് സമീപകാലത്ത് ഏറെ വിവാങ്ങൾ സൃഷ്ടിച്ച സിനിമയാണ് വർത്തമാനം.
കുറച്ചു നാളുകൾക്ക് മുൻപ് രാജ്യതലസ്ഥാനമായ ഡൽഹിയിലെ പ്രശസ്തമായ ഒരു സർവകലാശാലയിൽ അരങ്ങേറിയ ചില സംഭവവികാസങ്ങളാണ് വർത്തമാനത്തിന് പ്രചോദനമായത്.കേരളത്തിൽ നിന്ന് ഡൽഹിയിലെ സർവകലാശാലയിൽ പഠിക്കാൻ പോകുന്ന ഫൈസ സൂഫിയ എന്ന പെൺകുട്ടിക്കും അവളുടെ സഹപാഠികൾക്കും നേരിടേണ്ടിവരുന്ന തിക്താനുഭവങ്ങളാണ് വർത്തമാനത്തിലൂടെ സംവിധായകൻ സിദ്ധാർത്ഥ് ശിവ അവതരിപ്പിക്കുന്നത്.ശക്തമായ ഒരു സ്ത്രീപക്ഷ സിനിമയായിരിക്കും വർത്തമാനമെന്ന് സിദ്ധാർത്ഥ് ശിവ പറയുന്നു.പാർവതി തിരുവോത്താണ് വർത്തമാനത്തിലെ കേന്ദ്ര കഥാപാത്രമായ ഫൈസ സൂഫിയയെ അവതരിപ്പിക്കുന്നത്.സ്വാതന്ത്ര്യസമരസേനാനിയായിരുന്ന അബ്ദുറഹ്മാൻ സാഹിബിന്റെ ചെറുമകളാണ് ഫൈസ. മുത്തച്ഛനെക്കുറിച്ചുള്ള റിസർച്ചിന്റെ ഭാഗമായാണ് ഫൈസ ഡൽഹിയിലെ പ്രശസ്തമായ സർവകലാശാലയിലെത്തുന്നത്.
ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്ന് നിരവധി കുട്ടികൾ ഡൽഹിയിലെ സർവകലാശാലയിൽ പഠിക്കാനെത്തുന്നുണ്ട്.വിവിധ മതക്കാരായ വിദ്യാർത്ഥികൾ നേരിടുന്ന പ്രശ്നങ്ങൾ കേരളത്തിൽ നിന്നെത്തുന്ന വിദ്യാർത്ഥികളും നേരിടുന്നുണ്ട്. കേരളത്തിലെ കാമ്പസ് രാഷ്ട്രീയമല്ല ഈ സർവകലാശാലയിലേത് കാമ്പസ് രാഷ്ട്രീയത്തിന്റെ നേതൃനിരയിലേക്ക് ഫൈസയെത്തിയപ്പോൾ പല പ്രശ്നങ്ങൾക്കും നേരെ കണ്ണടയ്ക്കാൻ അവൾക്കാവുമായിരുന്നില്ല. വർത്തമാനത്തിന്റെ വഴിത്തിരിവ് അവിടെയാണ്.യുവതലമുറയിലെ ശ്രദ്ധേയനായ റോഷൻ മാത്യുവാണ് വർത്തമാനത്തിലെ നായകവേഷം അവതരിപ്പിക്കുന്നത്.കാമ്പസിലെ അമൽ എന്ന മലയാളി വിദ്യാർത്ഥിയുടെ വേഷമാണ് റോഷന്. സിദ്ദിഖ് പ്രൊഫസർ പൊതുവാൾ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഡെയ്ൻ ഡേവിഡ്, നിർമ്മൽ പാലാഴി, ബംഗാളി താരം കരുണാസിംഗ്, ഡൽ ഹിയിൽ നിന്നുള്ള ഹിമാൻഷു, ആന്ധ്രയിൽ നിന്നുള്ള രുദ്ര എന്നിവരും ഏതാനും പുതുമുഖങ്ങളും വർത്തമാനത്തിൽ അണിനിരക്കുന്നുണ്ട്. ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ ബെൻസി നാസറും ആര്യാടൻ ഷൗക്കത്തും ചേർന്ന് നിർമ്മിക്കുന്ന വർത്തമാനത്തിന്റെ തിരക്കഥ ആര്യാടൻ ഷൗക്കത്തിന്റേതാണ്. അഴകപ്പനാണ് ഛായാഗ്രാഹകൻ.
റഫീഖ് അഹമ്മദിന്റെയും വിശാൽ ജോൺസണിന്റെയും വരികൾക്ക് രമേഷ് നാരായണനും, ഇഷാം അബ്ദുൾ വഹാബും സംഗീതം പകർന്നിരിക്കുന്നു. കലാസംവിധാനം : ബിനീഷ് ബംഗ്ളാൻ, മേക്കപ്പ് : പ്രദീപ് വിതുര, കോസ്റ്റ്യൂം ഡിസൈൻ : പത്മവിശ്വാസ്, അസോസിയേറ്റ് ഡയറക്ടർ: പ്രദീപ്കുമാർ, സഹസംവിധാനം: നിസാം പാരി, അനുഷ, റെനിഷ്, അനന്തു കൃഷ്ണ, പ്രൊഡക്ഷൻ മാനേജർ : ഗോകുലൻ പിലാശേരി, പ്രൊഡക്ഷൻ എക്സിക്യുട്ടീവ് : രാജേഷ് മേനോൻ, പ്രൊഡക്ഷൻ കൺട്രോളർ: ഡിക്സൺ പൊടുത്താസ്.