ram-temple-donation

ന്യൂഡൽഹി: അയോദ്ധ്യയിലെ രാമക്ഷേത്ര നിർമ്മാണത്തിനായി ഒരു കോടി രൂപ സംഭാവന നൽകി 83 വസയുള്ള സന്യാസി. ഹരിദ്വാറിലെ ഒരു ഗുഹയിൽ 50 വർഷമായി കഴിഞ്ഞുവരികയായിരുന്ന ശങ്കർദാസ് എന്ന നസ്യാസിയാണ് കനത്ത തുക സംഭാവന ചെയ‌്തത്. ഇക്കാലഘട്ടത്തിൽ ദക്ഷിണയായി തനിക്ക് ലഭിച്ച പണമാണ് രാമക്ഷേത്ര നിർമ്മാണത്തിനായി സംഭാവന ചെയ‌്തതെന്ന് ഇദ്ദേഹം വ്യക്തമാക്കി. വിശ്വഹിന്ദു പരിഷത്തിനാണ് തുക കൈമാറിയത്.

ശങ്കർദാസ് ഇക്കാര്യം ആദ്യം ബാങ്ക് അധികൃതരെ അറിയിച്ചപ്പോൾ, തെല്ലൊന്ന് അമ്പരന്നെങ്കിലും ബാങ്ക് അക്കൗണ്ട് പരിശോധിച്ച അധികൃതർക്ക് സംഭവം കളിയല്ലെന്ന് വ്യക്തമായി. ആവശ്യത്തിനുള്ള പണം സ്വാമി ശങ്കർദാസിന്റെ അക്കൗണ്ടിൽ ഉണ്ടായിരുന്നു. ഇവർ വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ ആർഎസ്എസ് പ്രവർത്തകരാണ് മേൽനടപടികൾക്ക് ശങ്കർദാസിനെ സഹായിച്ചത്.

പണം സ്വരൂപിക്കുക എന്നതിലുപരി ശങ്കർദാസിനെ പോലുള്ളവരുടെ സേവനതൽപരത ഉണർത്തുക എന്നതാണ് രാമക്ഷേത്രം നിർമ്മാണവുമായി ബന്ധപ്പെട്ടുള്ള ക്യാംപയിനിന്റെ ലക്ഷ്യമെന്ന് വിഎച്ച്പി നേതാവ് രൺദീപ് പൊഖ്‌രിയ അഭിപ്രായപ്പെട്ടു. ഇതുവരെ അഞ്ച് കോടി രൂപ സംഭാവനയായി കിട്ടിയെന്നും, മനസിൽ കരുതിയതിന്റെ മൂന്നിരട്ടി തുകയാണ് ലഭിച്ചിരിക്കുന്നതെന്നും പൊഖ്‌രിയ പറഞ്ഞു.

രാമക്ഷേത്ര നിർമ്മാണത്തിനായി സംഭാവനയ‌്ക്കായി 10, 100,1000, 2000 എന്നീ തുകയ‌്ക്ക് ആനുപാതികമായ കൂപ്പണുകളാണ് വിഎച്ച്പി നൽകുന്നത്.