മലയാളികളുടെ മനസിൽ നിറഞ്ഞ ഇൗണം പകർന്ന് കൈലാസ് മേനോന്റെ യാത്ര
ശ്രുതിയും ലയവും ഇഴചേർന്ന സംഗീതംപോലെ ഒഴുകുന്ന കൈലാസ് മേനോന്റെയും പ്രിയപാതി അന്നപൂർണ ലേഖ പിള്ളയുടെയും ജീവിതത്തിലേക്ക് എത്തിയ കുഞ്ഞു അതിഥിയുടെ പേര് സമന്യു രുദ്ര. മഹാദേവന്റെ പേരുകളാണ് സമന്യയും രുദ്രയും.തികഞ്ഞ ശിവ ഭക്തയാണ് അന്നപൂർണ . അഞ്ചു വർഷത്തെ കാത്തിരിപ്പിനുശേഷമാണ് കൈലാസിന്റെയും അന്നപൂർണയുടെയും ജീവിതത്തിലേക്ക് കുഞ്ഞതിഥിയുടെ വരവ്. മലയാളികളുടെ മനസിൽ നിറഞ്ഞ ഇൗണമായി വേഗം മാറാൻ കഴിഞ്ഞ യുവ സംഗീത സംവിധായകൻ കൈലാസ് മേനോൻ ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ നാളുകളിലൂടെയാണ് യാത്ര.തൃശൂർ ഭാരതീയ വിദ്യാഭവനിൽ പഠിക്കുമ്പോൾ ലളിതഗാന മത്സരത്തിൽ പങ്കെടുക്കുമായിരുന്നു.
ഗായകനാവാനാണ് അപ്പോൾ ആഗ്രഹം. ആ ആഗ്രഹത്തിലാണ് പതിനഞ്ചാം വയസിൽ 'സ് നേഹത്തോടെ"സംഗീത ആൽബം ഒരുക്കാൻ തീരുമാനിക്കുന്നത്. വനം വകുപ്പ് റിസേ ർച്ച് ഇൻസ്റ്റ്യൂട്ടിൽ ശാസ്ത്രജ്ഞനായിരുന്ന അച്ഛൻ രാമചന്ദ്രമേനോനും വൈദ്യുതി വകുപ്പിൽ ചീഫ് എൻജിനിയറായിരുന്ന അമ്മ ഗിരിജ ദേവിയും മകന്റെ ആഗ്രഹത്തിനൊപ്പം നിന്നു. എൻജിനിയറായ ചേട്ടൻ വിഷ്ണു മേനോനും പ്രോത്സാഹിപ്പിച്ചു പാട്ട് പാടിയപ്പോഴാണ് ശബ്ദം മാറിയത് കൈലാസ് അറിയുന്നത്. തന്റെ മുതിർന്ന ശബ്ദം കൈലാസിനു പോലും ഇഷ്ടപ്പെട്ടില്ല.സംഗീത സംവിധാനത്തിൽ ശ്രദ്ധിക്കാൻ സ്റ്റുഡിയോ മാനേജർ ഉപദേശിച്ചു. അന്ന് കൈലാസ് ഒരു തീരുമാനമെടുത്തു സിനിമയിൽ സംഗീത സംവിധായകനാകുക.
ആ ലക്ഷ്യത്തിൽ ചെന്നൈ എസ് . ആർ.എം കോളേജിൽ വിഷ്വൽ കമ്മ്യുണിക്കേഷൻ പഠനത്തിന് ചേർന്നു. എസ് എ. ഇ കോളേജിൽ സൗണ്ട് എൻജിനിയറിം ഗ് പഠനം.രണ്ടും രണ്ടു രീതിയിൽ ഗുണം ചെയ്തപ്പോൾ ശ്രോതാക്കളുടെ മനസിൽ ഇടം തീർത്തു കൈലാസിന്റെ മനോഹര ഈണങ്ങൾ. തൃശൂരിൽനിന്ന് എറണാകുളത്ത് ചേക്കേറാൻ സംഗീതം വഴിയൊരുക്കിയതാണ് പിന്നത്തെ കഥ. സിബി മലയിൽ സംവിധാനം ചെയ്യുന്ന കൊത്ത് എന്ന ആസിഫ് അലി ചിത്രത്തിലെ ഈണങ്ങൾക്ക് ഇനി കാതോർക്കാം.
കൈലാസ് മേനോൻ എന്ന സംഗീത സംവിധായകന്റെ സിനിമയിലെ യാത്ര സാവധാനമാണെന്ന് തോന്നുന്നു ?
പതിനഞ്ച് വർഷം നീണ്ട ആഗ്രഹത്തിനൊടുവിലാണ് സിനിമയിൽ സംഗീത സംവിധായകനാവുന്നത്.2007 ൽ ഒരു സിനിമയ്ക്ക് സംഗീതം ചെയ്തെങ്കിലും ആ പാട്ടുകൾ ഉപയോഗിച്ചില്ല. ജയരാജ് സാറിന്റെ 'പകർന്നാട്ടം" സിനിമയുടെ പശ്ചാത്തല സംഗീതം ഒരുക്കി. എന്നാൽ അതിൽ പാട്ടുകൾ ഉണ്ടായില്ല. 2013 ൽ 'സ്റ്റാറിംഗ് പൗർണമി" സിനിമയിൽ പാട്ടുകൾ ചെയ്തു. എൺപതു ശതമാനം ചിത്രീകരണം നടക്കുകയും ചെയ്തു. അതിനുശേഷം മുടങ്ങി. വിഷമം തോന്നിയ നാളുകൾ. നമുക്ക് സിനിമ പറഞ്ഞിട്ടില്ലെന്ന് വരെ തോന്നി. അഞ്ചുവർഷം കഴിഞ്ഞാണ് 'തീവണ്ടി" വരുന്നത്. അന്നാണ് എന്റെ സിനിമാപാട്ട് ആളുകൾ കേൾക്കുന്നത്. 'തീവണ്ടി" കഴിഞ്ഞു സിനിമകൾ വരാൻ തുടങ്ങി.നല്ല സിനിമകളുടെ ഭാഗമാകാൻ കഴിയുന്നു. ഈ യാത്ര നൽകുന്ന സന്തോഷം വലുതാണ്. ഏറ്റവും ഇഷ്ടപ്പെട്ട ജോലിയാണ് ചെയ്യുന്നത്. എ ന്റെ ലക്ഷ്യവും ആഗ്രഹവുമെല്ലാം ഇതാണ്.
ഒൗസേപ്പച്ചനും ഗോപിസുന്ദറിനും ഒപ്പം പ്രവർത്തിച്ച പരിചയ സമ്പത്ത് എത്രമാത്രം ഗുണം ചെയ്തു ?
രണ്ടുപേരെയും നോക്കികണ്ടു ഒരുപാട് പഠിച്ചു. എന്താണ് ചെയ്യേണ്ടതെന്നും ചെയ്യേണ്ടാത്തതെന്നും തിരിച്ചറിയാൻ കഴിഞ്ഞു. സൗണ്ട് എൻജിനിയറിംഗ് കോഴ്സ് കഴിഞ്ഞ സമയത്താണ് ഗോപിചേട്ടന്റെ സ്റ്റുഡിയോയിൽ സൗണ്ട് എൻജിനിയറുടെ ഒഴിവുണ്ടെന്ന് അറിഞ്ഞത്. ഒരു സംഗീത സംവിധായകനായി മാറാൻ എന്തു ചെയ്യണമെന്ന എന്ന ആഗ്രഹത്തിൽ ഒൗസേപ്പച്ചൻ സാറിനെ വീട്ടിൽ പോയി കണ്ടു.നീ എന്റെ കൂടെ കൂടിക്കോയെന്ന് സാർ പറഞ്ഞു.ഗോപിചേട്ടന്റെ സ്റ്റുഡിയോയിൽ സൗണ്ട് എൻജിനിയറായി ജോലി കിട്ടുന്നതും ഒൗസേപ്പച്ചൻ സാറിനൊപ്പം പ്രവർത്തിക്കുന്നതും ഒരേ സമയത്താണ്. പാട്ടുകളോടുള്ള സമീപനവും അതിന് ഭാവം പകരുന്നതും പഠിക്കാൻ കഴിഞ്ഞു. എന്തെങ്കിലുമാകാൻ ഇനിയും കഠിനാദ്ധ്വാനം ചെയ്യണമെന്നും തിരിച്ചറിഞ്ഞു.
തീവണ്ടിയിലെ ജീവാംശമായ് എന്ന ഗാനം ശ്രോതാക്കളുടെ എണ്ണത്തിൽ റെക്കോർഡ് നേടിയല്ലേ ?
ഒരു പരസ്യചിത്രത്തിനുവേണ്ടി ഒരുക്കിയ ട്യൂണാണ് ഉപയോഗിച്ചത്. ചില ട്യൂണിനോട് ഇഷ്ടം തോന്നും. ഭാവിയിൽ ഇത് പാട്ടാക്കി മാറ്റാവുന്ന ട്യൂണെന്ന് തോന്നാറുണ്ട്. എപ്പോൾ കേട്ടാലും ഇഷ്ടപ്പെടുന്ന ട്യൂൺ വേണമെന്ന് തീവണ്ടിയുടെ സംവിധായകൻ ഫെലിനിയും തിരക്കഥാകൃത്ത് വിന്നിയും പറഞ്ഞപ്പോൾ പെട്ടെന്ന് ആ ട്യൂൺ മനസിൽ വന്നു. അതിന് ചെറിയ പരിഷ്കാരം വരുത്തി. പാട്ട് ഇത്രമാത്രം ശ്രദ്ധേയമാവുമെന്ന് കരുതിയില്ല.ഹരിശങ്കറും ശ്രേയ ഘോഷാലുമാണ് പാടിയത്. എന്നാൽ വിചാരിച്ചതിനേക്കാൾ മുകളിൽ പോയത് ഭാഗ്യമായി കരുതുന്നു.
മികച്ച പാട്ടുകൾ പിറക്കുന്നതിനു പിന്നിൽ നല്ല കൂട്ടുകെട്ടുണ്ടല്ലേ ?
അത് ഒരു വലിയ ഘടകം തന്നെയാണ്. ഒരേ ചിന്തയും കാഴ്ചപ്പാടും പുലർത്തുന്ന നല്ല കൂട്ടുകാർ ഉണ്ടെങ്കിൽ ഉറപ്പായും പുതിയ പരീക്ഷണം സംഭവിക്കും. അടുത്ത പരിചയമുള്ള പാട്ടെഴുതുന്ന ആളിനോട് നല്ല നിർദ്ദേശം നൽകാം. തന്ന വരികളേക്കാൾ കൂടുതൽ മികവ് വേണമെന്നും പറയാം. പാട്ടെഴുതുന്ന ആളിന്റെ നിർദ്ദേശവും ഉപദേശവും സ്വീകരിക്കാം. നമ്മുടെ ആശയങ്ങളും പങ്കുവയ്ക്കാൻ കഴിയും. കൂട്ടുകെട്ടില്ലെങ്കിൽ ആശയങ്ങൾ പങ്കുവയ്ക്കാൻ കഴിഞ്ഞില്ലെന്ന് വരാം. ഇന്നത്തെ സിനിമ കൂട്ടുകെട്ടിന്റേതാണ്. ശരാശരി നിലവാരം പുലർത്തുന്ന തിരക്കഥയാണെങ്കിൽ പോലും ടീം വർക്ക് ശക്തമെങ്കിൽ അതിന് സ്വീകാര്യത ലഭിക്കും. അത് ടീമിന്റെ വിജയമാണ്. എപ്പോഴും കൂട്ടുകെട്ടിന്റെ സുരക്ഷിത ഇടത്തിൽ പെട്ടുപോകാതിരിക്കാൻ ശ്രദ്ധിക്കുകയും വേണം. പലപല കൂട്ടുകെട്ടുകളാകാം. അതിൽനിന്നു നല്ല സൃഷ്ടികൾ ഉണ്ടാവണം.
സുഹൃത്തും പ്രണയിനിയും മറുപാതിയുമായി അന്നപൂർണ ?
തിരുവനന്തപുരം ലോ അക്കാഡമിയിൽ അന്നപൂർണ പഠിക്കുമ്പോഴാണ് പരിചയപ്പെടുന്നത്. ഞങ്ങൾ രണ്ടുപേരുടെയും സുഹൃത്തായ ശ്രീഗോവിന്ദ് പരിചയപ്പെടുത്തി. ആദ്യം നല്ല സുഹൃത്തുക്കളായിരുന്നു. പരസ് പരം അറിയുന്ന ആളിനെ തന്നെ വിവാഹം കഴിച്ചാൽ നല്ലതായിരിക്കുമെന്ന് ഒരു ദിവസം അന്നപൂർണയുടെ മുൻപിൽ അവതരിപ്പിച്ചു. സിനിമയിൽ സംഗീത സംവിധാനം ഒരുക്കുന്നതിന് മുൻപ് എന്റെ പാട്ടുകൾ ഇഷ്ടപ്പെട്ട ആളാണ് അന്നപൂർണ. കോളേജിൽ പഠിക്കുമ്പോൾ അന്നപൂർണ ആങ്കർ ചെയ്യുമായിരുന്നു. ചേർത്തലയാണ് നാട്. ഹൈക്കോടതിയിൽ അഭിഭാഷക.