ഏഴ് ഭാഷകളിലായി രണ്ടായിരത്തിലധികം സിനിമകളിൽ ഡബ്ബ് ചെയ്ത ശ്രീജയുടെ വഴിയേ മകൾ രവീണയും ഡബ്ബിംഗിലും അഭിനയത്തിലും വിജയക്കൊടി നാട്ടിക്കഴിഞ്ഞു....
ഇരുപത് വർഷങ്ങൾക്ക് മുൻപാണ്. ശാലിനിയും അജിത്തും നായികാനായകന്മാരായ അമർക്കളമെന്ന് തമിഴ് ചിത്രത്തിന്റെ ഡബ്ബിംഗ് ചെന്നൈയിൽ നടക്കുന്ന സമയം. ശാലിനിക്ക് വേണ്ടി ഡബ്ബ് ചെയ്യാനെത്തിയതാണ് ശ്രീജ. ഡബിംഗ് തിയേറ്ററിൽ മൈക്കിന് മുന്നിൽ നിന്ന് ഡബ് ചെയ്യാൻ തുടങ്ങുമ്പോൾ പെട്ടെന്നാരോ ശ്രീജയുടെ അടുത്തെത്തി ചെവിയിൽ പറഞ്ഞു : ''എന്റെ ഭാര്യയ്ക്ക് വേണ്ടി ഡബ്ബ് ചെയ്തതിന് നന്ദി.""ശ്രീജ ഞെട്ടിത്തിരിഞ്ഞ് നോക്കിയപ്പോൾ തൊട്ടുമുന്നിൽ തമിഴകത്തിന്റെ 'തലഅജിത്ത് !" ''ഭാര്യയോ?""അതിശയത്തോടെ ശ്രീജ അജിത്തിനെ നോക്കി. ''അതെ. ഞാൻ ശാലിനിയെ കല്യാണം കഴിക്കാൻ പോകുകയാ..."" അജിത്ത് ചിരിയോടെ പറഞ്ഞു.
ഏഴു ഭാഷകൾ.... രണ്ടായിരത്തിലധികം സിനിമകൾ... ഡബ്ബിംഗ് ആർട്ടിസ്റ്റുകൾക്കിടയിലെ സൂപ്പർ താരമാണ് ശ്രീജ.
ശാലിനി ബാലതാരമായിരുന്നപ്പോൾ ചക്കരയുമ്മയും സന്ദർഭവും കുറേ സിനിമകളിൽ ശ്രീജ ശാലിനിയുടെ ശബ്ദമായി. ശ്യാമിലിക്ക് വേണ്ടി ഒട്ടുമിക്ക സിനിമകളിലും ഡബ്ബ് ചെയ്തത് ശ്രീജയാണ്.
''എന്റെ മാമാട്ടിക്കുട്ടിയമ്മയിൽ ശാലിനിക്ക് വേണ്ടി ഡബ്ബ് ചെയ്യാൻ ഫാസിൽ നിർബന്ധിച്ചെങ്കിലും ഒൻപതിലോ പത്തിലോ പഠിക്കുകയായിരുന്ന ശ്രീജയ്ക്ക് പരീക്ഷയായിരുന്നതിനാൽ അമ്മ സമ്മതിച്ചില്ല. (മൈഡിയർ കുട്ടിച്ചാത്തനിലൂടെ പ്രശസ്തയായ സോണിയയാണ് മാമാട്ടിക്കുട്ടിയമ്മയിൽ ശാലിനിക്ക് ഡബ്ബ് ചെയ്തത്)
ശാലിനിയെയും ശ്യാമിലിയെയും കൂടാതെ മാസ്റ്റർ പ്രശോഭും മാസ്റ്റർ അമിതും ഉൾപ്പെടെ പപ്പയുടെ സ്വന്തം അപ്പൂസിലെ മാസ്റ്റർ ബാദുഷയുടെ വരെ 'കുട്ടി ശബ്ദ" മായത് ശ്രീജയായിരുന്നു.
അഭിനേത്രിയും ഡബിംഗ് ആർട്ടിസ്റ്റുമായിരുന്ന കണ്ണൂർ നാരായണിയുടെ മകളാണ് ശ്രീജ. അമ്മയുടെ വഴിയേ സിനിമയിലേക്കെത്തിയ ശ്രീജയുടെ പാരമ്പര്യം മകൾ രവീണയും പിന്തുടരുകയാണ്. ഡബിംഗ് ആർട്ടിസ്റ്റായും നായികയായും പേരെടുത്ത രവീണ നായികയായ പുതിയ തമിഴ് സിനിമ കാവൽത്തുറൈ, ഉങ്കൾ നൻപൻ തമിഴകത്ത് സൂപ്പർ ഹിറ്റായതിന്റെ ആഹ്ളാദത്തിലാണ് ശ്രീജയും കുടുംബവും.
''കണ്ണൂരാണ് ഞങ്ങളുടെ നാട്. അമ്മ നാട്ടിൽ നാടകങ്ങളിലൊക്കെ അഭിനയിച്ചിരുന്നു. നാടകത്തിൽ നിന്ന് സിനിമയിലെത്തി. 1971ൽ അച്ഛൻ മരിച്ചു. അതിനടുത്ത വർഷം സിനിമയിൽ കൂടുതൽ അവസരങ്ങളുണ്ടാകുമെന്ന് അമ്മ എന്നെയും എന്റെ നേരെ മൂത്ത ചേട്ടൻ രസിക് ലാലി (ബേബി)നെയും എന്റെ നേരെ ഇളയ അനിയൻ ജ്യോതിഷ് കുമാറിനെയും കൊണ്ട് അമ്മ ചെന്നൈയിലേക്ക് വന്നു. ഞങ്ങൾ ഒൻപത് മക്കളാണ്. ഞാൻ ചെറിയ കുട്ടിയായിരിക്കുമ്പോൾ തന്നെ സേതുബന്ധനം, മനസ്സ്, ചക്കിക്കൊത്ത ചങ്കരൻ അങ്ങനെ കുറേ സിനിമകളിലഭിനയിച്ചിട്ടുണ്ട്. അന്ന് സിനിമകളുടെ ഷൂട്ടിംഗും ഡബിംഗുമൊക്കെ ചെന്നൈയിൽ തന്നെയായിരുന്നു. അങ്ങനെ സിനിമ ജീവിതമാർഗമായി സ്വീകരിച്ചുതുടങ്ങി. അമ്മ അഭിനയത്തോടൊപ്പം ഡബിംഗും ചെയ്തുതുടങ്ങി. ഞാനും സഹോദരങ്ങളും കുട്ടികൾക്ക് വേണ്ടി ഡബ്ബ് ചെയ്യാനും തുടങ്ങി.'' ശ്രീജ പറഞ്ഞു തുടങ്ങി.
1981ൽ ഇളനീർ എന്ന സിനിമയിൽ ജോളിക്കു വേണ്ടിയാണ് ശ്രീജ ആദ്യമായി ഒരു നായികയുടെ ശബ്ദമായത്. ആ സിനിമ ശ്രദ്ധിക്കപ്പെട്ടില്ല. ജോളി ഒറ്റ സിനിമകൊണ്ട് അഭിനയം അവസാനിപ്പിച്ചു.
''കാറ്റത്തെ കിളിക്കൂടിൽ രേവതിക്കു വേണ്ടി ഡബ്ബ് ചെയ്തത് ശ്രദ്ധിക്കപ്പെട്ടു. പിന്നീട് രോഹിണി, ചിത്ര, രഞ്ജിനി, മാതു, ചാർമ്മിള, സുനിത, ദേവയാനി... അങ്ങനെ ഒരുപാടൊരുപാട് നായികമാർക്ക് ഡബ്ബ് ചെയ്തു.''അന്നത്തെ കാലത്ത് പല നായികമാരെയും നമ്മൾ നേരിട്ട് കണ്ടിട്ടുപോലുമില്ല. മൊബൈൽ ഫോണോന്നുമില്ലായിരുന്നതിനാൽ ഫോണിലൂടെയുള്ള ആശയ വിനിമയവും കുറവായിരുന്നു. ഡബ്ബ് ചെയ്തത് ഇഷ്ടപ്പെട്ടിട്ട് വിളിച്ച നായികമാരുമുണ്ട്. പുതിയ തലമുറയിൽ അതിനൊരു ഉദാഹരണമാണ് റോമ. കളേഴ്സ് ഒഴികെ മലയാളത്തിൽ റോമയുടെ ഒട്ടുമിക്ക സിനിമകൾക്കും ഡബ് ചെയ്തത് ഞാനാണ്. ഞാനേറ്റവും കൂടുതൽ ഡബ്ബ് ചെയ്തിട്ടുള്ളത് കാവ്യാമാധവന് വേണ്ടിയാണ്. അഴകിയ രാവണൻ മുതൽ കാവ്യയ്ക്ക് ഡബ്ബ് ചെയ്യുന്നത് ഞാനാണ്.
അഭിനയമായാലും ഡബ്ബിംഗായാലും തന്റെ ഏറ്റവും വലിയ പ്രചോദനം അമ്മ തന്നെയാണെന്ന് രവീണ പറയും.
''കുട്ടിക്കാലം തൊട്ടേ ഞാൻ കണ്ട് വളരുന്നതല്ലേ. ഡബ്ബിംഗിന്റെ ക്രാഫ്ടിൽ അമ്മ തന്നെയാണ് ഗുരു. ഞാൻ ബി.ബി.എമ്മാണ് പഠിച്ചത്. അമ്മ പന്ത്രണ്ടാം ക്ളാസുവരെ പഠിച്ചുള്ളൂ. പിന്നീട് പഠിക്കാൻ കഴിഞ്ഞില്ല. എന്നാൽ, പഠിച്ച വിഷയവും എന്റെ തൊഴിലുമായി ഒരു ബന്ധവുമില്ല. പണ്ടത്തെപ്പോലെയല്ല ഇപ്പോൾ. സിനിമയിൽ പണ്ട് എട്ടോ പത്തോ നായികമാരാണുണ്ടായിരുന്നതെങ്കിൽ ഇപ്പോൾ മുപ്പതോ മുപ്പത്തിയഞ്ചോ നായികമാരുണ്ട്. എന്നാലും അമ്മയൊക്കെ ചെയ്തതുപോലെ രണ്ടായിരത്തിൽപ്പരം സിനിമകൾക്ക് ഡബ്ബ് ചെയ്യാനൊന്നും ഈ ജന്മംകൊണ്ട് എനിക്ക് എന്തായാലും പറ്റില്ല. ഒരു ബ്രേക്കപ്പ് എന്ന നിലയ്ക്കാണ് ബി.ബി.എമ്മിന് ചേർന്നത്. പക്ഷേ, ഫസ്റ്റ് ഇയറിൽ തന്നെ ഞാൻ ഡബ്ബിംഗ് തുടങ്ങി. എങ്ങനെയൊക്കെയോ പാസ്സായി. സാട്ടൈ എന്ന തമിഴ് ചിത്രത്തിൽ മലയാളിയായ മഹിമാ നമ്പ്യാർക്ക് വേണ്ടിയാണ് ഞാൻ ആദ്യമായി ഡബ്ബ് ചെയ്യുന്നത്. അമ്മ വഴിയാണ് ആ അവസരം വരുന്നത്."" രവീണ പറയുന്നു.
ബസന്ത് രവിയും ഭാരതിരാജയും അഭിനയിക്കുന്ന റോക്കിയാണ് രവീണ നായികയാകുന്ന പുതിയ ചിത്രം. ഷൂട്ടിംഗ് കഴിഞ്ഞ് വിഘ്നേശ് ശിവനും നയൻതാര മാഡവും ആ സിനിമ കണ്ടു. അവർ ആ സിനിമ വാങ്ങിക്കഴിഞ്ഞു. അവരായിരിക്കും ആ സിനിമ റൗഡി പിക്ചേഴ്സ് എന്ന അവരുടെ ബാനറായിരിക്കും റിലീസ് ചെയ്യുന്നത്.
''അഭിനയമാണോ ഡബ്ബിംഗാണ് കൂടുതൽ ഇഷ്ട""മെന്ന് ചോദിച്ചാൽ രവീണ പറയും: ''എല്ലാവരും ചോദിക്കാറുണ്ട് ഈ ചോദ്യം. എനിക്ക് രണ്ടും ഒരുപോലെ പ്രധാനപ്പെട്ടതാണ്. രണ്ടും എന്റെ രണ്ട് കണ്ണുകൾ പോലെയാണ്.""
മലയാളത്തിൽ നിത്യഹരിത നായകൻ എന്ന ചിത്രത്തിൽ നായികമാരിലൊരാളായി അരങ്ങേറിയ രവീണ നായികയായ പുതിയ തമിഴ് ചിത്രം കാവൽത്തുറൈ, ഉങ്കൾ നൻപൻ (പൊലീസ് വകുപ്പ് നിങ്ങളുടെ സുഹൃത്ത്) എന്ന ചിത്രം തമിഴകത്ത് സൂപ്പർഹിറ്റാണ്.
വിജയയും വിജയ് സേതുപതിയും ഒന്നിക്കുന്ന മാസ്റ്ററിലെ നായിക മാളവിക മോഹനന് വേണ്ടി ഡബ്ബ് ചെയ്തതാണ് രവീണയുടെ മറ്റൊരു പുതിയ വിശേഷം.
''അഭിനയമായാലും ഡബിംഗായാലും വലിയ പാഷനിൽ വന്നയാളല്ല ഞാൻ. അന്നതൊരു ജീവിത മാർഗമായി ഒഴുക്കിൽപ്പെട്ട്, പോയ ആളാണ്."" ശ്രീജ വീണ്ടും പറഞ്ഞു.
അമ്മയ്ക്ക് തന്നെ അഭിനേത്രിയോ എയർഹോസ്റ്റസോ ആക്കണമെന്നായിരുന്നു ആഗ്രഹമെന്ന് ശ്രീജ പറയുന്നു.
''പട്ടിണിയും പ്രാരാബ്ധവുമൊക്കെ കാരണം പത്തു പതിനാല് വയസ്സൊക്കെയുള്ളപ്പോൾ ഞാൻ തീരെ മെലിഞ്ഞ് കോലംകെട്ടാണ് ഇരുന്നിരുന്നത്. അന്ന് നായികമാർക്ക് നല്ല തടി നിർബന്ധമായിരുന്നു. അങ്ങനെയാണ് അഭിനയത്തിന് പകരം പഠിപ്പിനൊപ്പം ഡബ്ബിംഗിൽ ശ്രദ്ധിച്ചത്. അമ്മ സുഖമില്ലാതായപ്പോൾ അമ്മയെ നോക്കാൻ വേണ്ടി ഡിഗ്രി പഠനം കൊണ്ടുപോകാനായില്ല.
രാജീവ് മേനോന്റെ എല്ലാ ഭാഷകളിലെയും പരസ്യങ്ങൾ ഞാൻ ഡബ്ബ് ചെയ്തിട്ടുണ്ട്. മറ്റൊരാർട്ടിസ്റ്റിനെ കിട്ടാതെ വന്നപ്പോൾ രാജീവ് വിളിച്ചു. അങ്ങനെയാണ് കണ്ടുകൊണ്ടേൻ കണ്ടുകൊണ്ടേനിൽ അഭിനയിച്ചത്. വർഷങ്ങൾക്ക് ശേഷം അനൂപ് സത്യന്റെ വരനെ ആവശ്യമുണ്ട് എന്ന സിനിമയിലഭിനയിച്ചതും അങ്ങനെ തന്നെ.""ശ്രീജ പറഞ്ഞു.
മനസ്സിനക്കരെ മുതൽ ബോഡി ഗാർഡ് വരെ മലയാളത്തിൽ നയൻ താരയ്ക്ക് വേണ്ടി ഡബ്ബ് ചെയ്തത് ഞാനാണ്. ബോഡി ഗാർഡിൽ ഞാനും ഭാഗ്യലക്ഷ്മിയും കൂടിയാണ് നയൻ താരയ്ക്ക് വേണ്ടി ഡബ്ബ് ചെയ്തത്. അതിൽ നയൻതാര ഫോണിലൂടെ ദിലീപിനെ പറ്റിക്കുന്ന് മുഴുവൻ എന്റെ ശബ്ദമാണ്. അതിൽ മിത്രാകുര്യന് ഡബ്ബ് ചെയ്തതും ഞാനാണ്.
ഭാസ്കർ ദ റാസ്കലിൽ ഡബ്ബ് ചെയ്യാൻ വേണ്ടി ഞാൻ ചെന്നതാണ്. മോൾ ഫ്രീയായിരുന്നത് കൊണ്ട് ഞാൻ വെറുതേ മോളെയും കൊണ്ടുപോയി. നയൻതാരയുടെ റീ എൻട്രിയായിരുന്നു ആ സിനിമ. അവരുടെ ഒൗട്ട് ലുക്ക് മാറി. സൗന്ദര്യം കൂടി. സിദ്ദിക്കേട്ടനോട് ഞാനാണ് സജസ്റ്റ് ചെയ്തത്. എന്നെക്കാളും പുതിയ നയൻതാരയ്ക്ക് മോളുടെ ശബ്ദമായിരിക്കും ചേരുന്നതെന്ന്.
ഒരു കുട്ടിയുടെ അമ്മ വേഷമാണ്. മെച്വേർഡ് കാരക്ടറാണ് എന്നൊക്കെ സിദ്ദിക്കേട്ടൻ ആദ്യം പറഞ്ഞെങ്കിലും പിന്നീട് ഡബ് ചെയ്യിച്ച് നോക്കിയിട്ട് ഓ.കെ പറയുകയായിരുന്നു. സിദ്ദിക്കേട്ടൻ പറഞ്ഞതനുസരിച്ച് ഡബിംഗ് സമയത്ത് ഞാൻ മോളോടൊപ്പമുണ്ടായിരുന്നു. ഞാൻ തന്നെയാണ് ഡബ്ബിംഗ് കണ്ടക്ട് ചെയ്തത്.
പുതിയ നിയമത്തിൽ ആദ്യം ഏയ്ഞ്ചൽ എന്നൊരു കുട്ടിയാണ് നയൻതാരയ്ക്ക് വേണ്ടി ഡബ്ബ് ചെയ്തത്. പിന്നീട് മോളെക്കൊണ്ട് മാറ്റി ചെയ്യിച്ചു. നയൻ താരയ്ക്ക് സ്വന്തം ശബ്ദം പരീക്ഷിക്കണമെന്ന നിർബന്ധം കാരണം നയൻതാരയും ഡബ്ബ് ചെയ്തു. ആ സിനിമയിൽ നയൻതാരയ്ക്ക് അവരുടെ സ്വന്തം ശബ്ദവും ഏയ്ഞ്ചലിന്റെ ശബ്ദവും എന്റെ മോളുടെ ശബ്ദവുമുണ്ട്. പലർക്കും അത് മനസ്സിലായില്ല.
മകൾ ഡബ്ബ് ചെയ്തതിൽ തനിക്കേറ്റവും ഇഷ്ടപ്പെട്ട സിനിമ ഭാസ്കർ ദ റാസ്കൽ ആണെന്ന് ശ്രീജ പറയും. തമിഴിൽ 'ഐ"യും.
അമ്മ ഡബ്ബ് ചെയ്ത എണ്ണമറ്റ സിനിമകളിൽ തനിക്കേറ്റവും ഇഷ്ടം നിറമാണെന്ന് രവീണ പറയുന്നു. തമിഴിൽ ദില്ലും.
''ബോംബെയിൽ അനുപംഖേറിന്റെ ആക്ടിംഗ് സ്കൂളിൽ ഞാനൊരു മൂന്നുമാസ കോഴ്സ് ചെയ്തിരുന്നു. അഭിനയത്തോടൊപ്പം യോഗയും ഡാൻസും ആയോധന കലകളുമൊക്കെ അവിടെ പഠിപ്പിച്ചിരുന്നു."" രവീണ പറഞ്ഞു. അമ്മയെപ്പോലെ അച്ഛനും കലാകാരനാണെന്ന് രവീണ അഭിമാനത്തോടെ പറയും.
''അച്ഛൻ അദ്ദേഹത്തിന്റെ സഹോദരി പാലനാട് യശോദയോടൊപ്പം വിദേശത്ത് സ്റ്റേജ് ഷോസൊക്കെ അവതരിപ്പിച്ചിരുന്നു. അച്ഛന്റെ സഹോദരി കുറച്ച് വർഷങ്ങൾക്ക് മുൻപ് മരിച്ചു. അവർ രണ്ടുപേരും പാട്ടുകാരാണ്. അച്ഛൻ പഴയ തമിഴ്, മലയാളം ഡബ്ബിംഗ് സിനിമകളിലൊക്കെ പാടിയിട്ടുണ്ട്. ഇപ്പോൾ സിനിമകൾ വിവിധ ഭാഷകളിലേക്ക് ഡബ്ബ് ചെയ്യുന്നു.""