എച്ച് 1 ബി വിസയുള്ളവരുടെ ജീവിത പങ്കാളികൾക്ക് തൊഴിൽ ചെയ്യാൻ അനുമതി നൽകുന്ന പദ്ധതി റദ്ദാക്കാനുള്ള ട്രംപ് സർക്കാരിന്റെ നടപടി ജോ ബൈഡൻ ഭരണകൂടം പിൻവലിച്ചത് അമേരിക്കയിലെ ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് ആശ്വാസമായി.
എച്ച്1ബി വിസക്കാരുടെ ജീവിതപങ്കാളിക്ക് തൊഴിൽ അനുമതി നൽകുന്ന നയത്തിൽ കടുത്ത നിലപാടെടുക്കാൻ 2019 ഫെബ്രുവരിയിൽ ട്രംപ് ഭരണകൂടം നടപടി ആരംഭിച്ചപ്പോൾ ഇപ്പോൾ വൈസ് പ്രസിഡന്റായ കമല ഹാരിസ് ശക്തമായി എതിർത്തിരുന്നു. പ്രതീക്ഷിച്ചതുപോലെ തന്നെ ഇപ്പോൾ ബൈഡനും കമലയും നയിക്കുന്ന പുതിയ സർക്കാർ ആ നടപടി പിൻവലിച്ചു. ബൈഡൻ ഭരണകൂടം അധികാരമേറ്റതിനു പിന്നാലെ ഇതുൾപ്പെടെ ട്രംപിന്റെ എതാനും നടപടികൾ നടപ്പാക്കുന്നത് 60 ദിവസത്തേക്ക് സ്റ്റേ ചെയ്തിരുന്നു. പിന്നാലെയാണ് പിൻവലിക്കാനുള്ള തീരുമാനമുണ്ടായത്.
അമ്പടാ സ്‌പേസ് എക്‌സേ നിന്നെ ഞങ്ങൾ തോൽപ്പിക്കും
ഒറ്ററോക്കറ്റിൽ ഏറ്റവും കൂടുതൽ ഉപഗ്രഹങ്ങൾ വിക്ഷേപിച്ച ഐ.എസ്.ആർ.ഒയുടെ റെക്കാഡ് കഴിഞ്ഞയാഴ്ച സ്‌പേസ് എക്‌സ് തകർത്തെങ്കിലും നമ്മുടെ ശാസ്ത്രഞ്ജർ വിട്ടുകൊടുക്കാനിടയില്ല. അധികം വൈകാതെ ഈ റെക്കാഡും നമ്മൾ മറികടന്നേക്കുമെന്നാണ് പ്രതീക്ഷ. ഞായറാഴ്ച സ്പേസ് എക്സിന്റെ ഫാൽക്കൺ റോക്കറ്റ് 143 ഉപഗ്രഹങ്ങളാണ് വിക്ഷേപിച്ചത്. 2017 ഫെബ്രുവരിയിൽ പി.എസ്. എൽ.വി. സി.37 റോക്കറ്റിൽ 104 ഉപഗ്രഹങ്ങൾ ഐ.എസ്.ആർ.ഒ. വിക്ഷേപിച്ചിരുന്നു.
ഒരു ഉപഗ്രഹം വിക്ഷേപിക്കാൻ വെറും പത്തുലക്ഷം ഡോളറാണ് സ്‌പേസ് എക്സിന്റെ വാഗ്ദാനം. പുനരുപയോഗ റോക്കറ്റായതിനാൽ ഐ.എസ്.ആർ.ഒ.യ്‌ക്ക് വെല്ലുവിളിയുമാകും.
ഭീകരനെ മോചിപ്പിക്കാൻ പാക് സുപ്രീം കോടതി
മാദ്ധ്യമപ്രവർത്തകനെ തട്ടിക്കൊണ്ടുപോയി തലയറുത്ത് കൊന്ന കൊടും ഭീകരനെ മോചിപ്പിക്കാൻ പാക് സുപ്രീംകോടതിക്ക് മാത്രമേ സാധിക്കൂ. അതും സംഭവിച്ചു കഴിഞ്ഞയാഴ്ച. യു.എസ് മാദ്ധ്യമപ്രവർത്തകൻ ഡാനിയൽ പേളിനെ തട്ടിക്കൊണ്ടുപോയി തലയറുത്തു കൊന്ന കേസിലെ മുഖ്യപ്രതിയും അൽ ഖായിദ ഭീകരനുമായ അഹമ്മദ് ഒമർ ഷെയ്ഖിനെ ജയിൽ മോചിതനാക്കാൻ പാക് സുപ്രീം കോടതിയാണ് ഉത്തരവിട്ടത്. ഷെയ്ഖിന്റെയും കൂട്ടാളികളായ ഫവദ് നസീം, ഷെയ്ഖ് ആദിൽ, സൽമാൻ സാക്വിബ് എന്നിവരുടെയും വധശിക്ഷ സിന്ധ് ഹൈക്കോടതി ജീവപര്യന്തമായി കുറച്ചിരുന്നു. എന്നാൽ, ക്രമസമാധാനപ്രശ്നം ഉന്നയിച്ച് സിന്ധ് സർക്കാർ ഇവരെ വിട്ടയച്ചിരുന്നില്ല. 2002 ൽ അറസ്റ്റിലായ ഇവർ ശിക്ഷാ കാലാവധി പൂർത്തിയാക്കിയതിനാൽ ഉടൻ വിട്ടയയ്‌ക്കണമെന്ന സിന്ധ് ഹൈക്കോടതി വിധിക്കെതിരെ സിന്ധ് സർക്കാർ സമർപ്പിച്ച അപ്പീൽ സുപ്രീംകോടതി തള്ളി. മൂന്നംഗ ബെഞ്ചിലെ ഒരു ജഡ്ജി വിയോജിച്ചു. വിധിക്കെതിരെ പുനഃപരിശോധനാ ഹർജി നൽകുമെന്ന് പ്രോസിക്യൂഷൻ അറിയിച്ചു. ഇന്ത്യയിൽ ജയിൽശിക്ഷ അനുഭവിച്ചിരുന്ന ഷെയ്ഖിനെ 1999 ൽ ഭീകരർ റാഞ്ചിയ ഇന്ത്യൻ എയർലൈൻസ് വിമാനത്തിലെ യാത്രക്കാരെ വിട്ടയയ്ക്കുന്നതിനു പകരമായി ഇന്ത്യ മോചിപ്പിക്കുകയായിരുന്നു.
ചൈനീസ് വായ്പാ കമ്പനി മുൻ മേധാവിക്ക് വധശിക്ഷ
അഴിമതിക്കേസിൽ പൊതുമേഖലാ വായ്പ, നിക്ഷേപസ്ഥാപനമായ ചൈന ഹുവാരോംഗ് അസെറ്റ് മാനേജ്മെന്റ് കമ്പനിയുടെ മുൻ ചെയർമാൻ ലായി സിയാവോമിന്നിനെ വധശിക്ഷയ്ക്ക് വിധേയനാക്കി.
ചൈന ബാങ്കിങ് റഗുലേറ്ററി കമ്മിഷനിലെയും ഹുവാരോങ്ങിലെയും പദവികൾ ദുരുപയോഗം ചെയ്ത് തത്‌പരകക്ഷികൾക്കും സ്ഥാപനങ്ങൾക്കും 2008–18 കാലയളവിൽ അനധികൃതമായി വായ്പ നൽകി 2014 കോടിയിലേറെ രൂപ കൈക്കൂലിയായി വാങ്ങിയതിന് പീപ്പിൾസ് കോർട്ട് ഓഫ് ടിയാൻജിൻ ആണ് സിയാവോമിന്നിന് വധശിക്ഷ വിധിച്ചത്. ബഹുഭാര്യത്വത്തിനും ഇയാൾ കുറ്റക്കാരനാണെന്നു കോടതി കണ്ടെത്തിയിരുന്നു.
ഗുഡ്ബൈ ക്ലോറിസ്
ലോകപ്രശസ്ത ഹോളിവുഡ് നടിയും ഓസ്കർ പുരസ്കാര ജേതാവുമായ ക്ലോറിസ് ലീച്ച്മാൻ (94) അന്തരിച്ചതും ഈ ആഴ്ചയാണ്. കാലിഫോർണിയയിലെ വസതിയിൽ വച്ചായിരുന്നു അന്ത്യം. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ദീർഘനാളായി ചികിത്സയിലായിരുന്നു ലീച്ച്മാൻ.
ഏഴ് പതിറ്റാണ്ടിലധികമായി ഹോളിവുഡിലെ നിറസാന്നിദ്ധ്യമായിരുന്ന ലീച്ച്മാൻ 1947ൽ പുറത്തിറങ്ങിയ കാനജി ഹാൾ എന്ന ചിത്രത്തിലെ ചെറിയ കഥാപാത്രത്തിലൂടെയാണ് സിനിമാ രംഗത്തെത്തുന്നത്.
പിന്നീട്, ഏകദേശം ആറ് വർഷത്തിന് ശേഷമാണ് ലീച്ച്മാന് രണ്ടാമത്തെ സിനിമ ലഭിക്കുന്നത്. ഈ സമയം കൊണ്ട് ലീച്ച്മാൻ ടെലിവിഷൻ രംഗത്ത് പേരെടുത്തിരുന്നു. രണ്ടാമത്തെ ചിത്രമായ കിസ് മി ഡെഡ്‌ലിയിലൂടെ ലീച്ച്മാൻ ഹോളിവുഡിൽ ശ്രദ്ധേയായി. സ്വഭാവനടിയായും ഹാസ്യനടിയായും ഒരേപോലെ തിളങ്ങിയ ലീച്ച്മാന് ദ ലാസ്റ്റ് പിക്ചർഷോയിലെ (1971) അഭിനയത്തിന് മികച്ച സഹനടിയ്ക്കുള്ള ഓസ്‌കാർ പുരസ്‌കാരവും ബാഫ്ത പുരസ്‌കാരവും ലഭിച്ചു. എട്ട് പ്രൈം ടൈം എമ്മി പുരസ്‌കാരവും ഒരു ഡേ ടൈം എമ്മി പുരസ്‌കാരവും ലീച്ച്മാൻ സ്വന്തമാക്കി.
സ്കൈ ഹൈ, ദ ലാസ്റ്റ് പിക്ചർ ഷോ, എ ട്രോൾ ഇൻ സെൻട്രൽ പാർക്ക്, നൗ ആൻഡ് ദെൻ, യെസ്റ്റർഡേ, സ്പാഗ്ലിഷ്, എക്‌സ്‌പെക്ടിംഗ് മേരി, യു എഗൈൻ, ദ വിമൺ, മ്യൂസിക് ഒഫ് ദ ഹാർട്ട് തുടങ്ങി നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചു.