
കൊച്ചി: നൂറ്റാണ്ടിന്റെ ബഡ്‌ജറ്റ് ! നാളെ (ഫെബുവരി 1) അവതരിപ്പിക്കുന്ന 2021-22 സാമ്പത്തിക വർഷത്തേക്കുള്ള ബഡ്‌ജറ്റിനെ കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ വിശേഷിപ്പിക്കുന്നത് ഇങ്ങനെ. സ്വതന്ത്ര ഇന്ത്യ കണ്ടിട്ടില്ലാത്ത ബഡ്‌ജറ്റ്. അത് നാളെ അറിയാം. രാവിലെ 11ന് നിർമ്മല ബഡ്‌ജറ്റ് അവതരണം തുടങ്ങും.
കഴിഞ്ഞ ബഡ്‌ജറ്റ് (2020-21) കൊവിഡിൽ അപ്രസക്തമായിരുന്നു. തുടർന്ന്, ഉത്തേജക പാക്കേജുകളായി പ്രധാനമന്ത്രിയുടെ ആത്മനിർഭർ ഭാരതിന് പിന്തുണയുമായി പത്രസമ്മേളനങ്ങളിൽ മിനി ബഡ്‌ജറ്റുകളുടെ പരമ്പര തന്നെ അവതരിപ്പിച്ചു നിർമ്മല. അതിന്റെ തുടർച്ചയാകും പുതിയ ബഡ്‌ജറ്റ്. സ്വയം പര്യാപ്‌തത, ഉൽപ്പാദന, കയറ്റുമതി ഹബ്, കൂടുതൽ തൊഴിലവസരങ്ങൾ, അടിസ്ഥാന സൗകര്യ വികസനം, വമ്പൻ ആഭ്യന്തര നിക്ഷേപം, ജനങ്ങളുടെ ക്രയശേഷി വർദ്ധന, ക്ഷേമ പദ്ധതികൾ - ഒരു സാമ്പത്തിക വാക്സിനേഷനിലൂടെ രാജ്യത്തിന്റെ സമ്പദ് മേഖലയെ ഒന്നാകെ കുതിപ്പിന് സജ്ജമാക്കുകയാവും ബഡ്ജറ്റിന്റെ ലക്ഷ്യം.
പ്രതിരോധം
അതിർത്തിയിൽ ചൈന ശല്യമായി. പ്രതിരോധത്തിന് കൂടുതൽ തുക വകയിരുത്തും. ഊന്നൽ ആഭ്യന്തര ആയുധോത്പാദനം, ഗവേഷണം, വികസനം.
ആരോഗ്യം
ആരോഗ്യമേഖലയുടെ ബഡ്‌ജറ്റ് വിഹിതം ജി.ഡി.പിയുടെ ഒരു ശതമാനമാണ്. ആഗോള ശരാശരിയിലും താഴെ. വിഹിതം 5 ശതമാനമാക്കിയേക്കും.
സ്‌ത്രീശക്തി
തൊഴിൽമേഖലയിലേക്ക് കൂടുതൽ സ്‌ത്രീകളെ ആകർഷിക്കാൻ ഒട്ടേറെ ആനുകൂല്യങ്ങൾ പ്രതീക്ഷിക്കാം.
എല്ലാവർക്കും വീട്
റിയൽ എസ്‌റ്റേറ്റിന് ഉണർവേകാൻ കഴിഞ്ഞ ബഡ്‌ജറ്റിൽ, വ്യക്തിഗത ആദായനികുതിയിൽ മൂന്നരലക്ഷം രൂപവരെയുള്ള ഭവനവായ്‌പയ്ക്ക് ഒന്നരലക്ഷം രൂപ ഇളവ് അനുവദിച്ചിരുന്നു. ഇളവ് ഇക്കുറിയും ഉണ്ടാകും. പ്രധാനമന്ത്രി ആവാസ് യോജന സജീവമാക്കും. നികുതിയിളവുകൾക്ക് സാദ്ധ്യത.
ആദായനികുതി
നിലവിൽ അഞ്ചുലക്ഷം രൂപവരെ വാർഷിക വരുമാനക്കാർക്ക് നികുതിയില്ല. സ്ളാബുകളിൽ മാറ്റം വരുത്തിയേക്കില്ല. 80 സി പോലെയുള്ള ചട്ടങ്ങളിൽ കൂടുതൽ ആനുകൂല്യം പ്രതീക്ഷിക്കാം. മുതിർന്ന പൗരന്മാർക്കും ഇളവുണ്ടാകും. കൊവിഡ് ചികിത്സാച്ചെലവും ആദായ നികുതി ഇളവിലേക്ക് മാറ്റിയേക്കും.
ബാങ്കിംഗ്
പൊതുമേഖലാ ബാങ്കുകൾക്ക് കൂടുതൽ മൂലധനസഹായം
റെയിൽവേ
ആധുനികവത്കരണം, സ്വകാര്യവത്കരണം, സ്വകാര്യ ട്രെയിൻ എന്നിവയ്ക്ക് ഊന്നൽ.
തൊഴിൽ
തൊഴിലില്ലായ്മ വർദ്ധന തടയാൻ നടപടി. തൊഴിലുറപ്പിന് പ്രാമുഖ്യം.
വിദ്യാഭ്യാസം
ഇന്ത്യയെ വിദ്യാഭ്യാസ ഹബ്ബാക്കും. വിദേശ സർവകലാശാലകളെ ആകർഷിക്കും. വിദ്യാഭ്യാസം ഹൈടെക്ക് ആക്കും.
പൊതുമേഖല
നികുതിവരുമാനം കൂടാത്തതിനാലും ചെലവുകൾക്കും ക്ഷേമ, ഉത്തേജക പദ്ധതികൾക്കും പണം വേണ്ടതിനാലും പൊതുമേഖലാ ഓഹരി വില്പന ശക്തമാക്കും.
നികുതികൾ
ആഭ്യന്തര ഉത്‌പാദനം പ്രോത്സാഹിപ്പിക്കാൻ ഇലക്‌ട്രോണിക്സ് ഉൾപ്പെടെ ഒട്ടേറെ ഉത്പന്നങ്ങളുടെ ഇറക്കുമതി തീരുവ കൂട്ടിയേക്കാം.
പ്രതിവർഷം 50 ലക്ഷമോ ഒരുകോടിയോ വരുമാനമുള്ളവർക്ക് 2% വരെ കൊവിഡ് സെസിന് സാദ്ധ്യത
കോർപ്പറേറ്റ് നികുതി ഇളവ് കൂടുതൽ മേഖലകൾക്ക്.
80സി പ്രകാരമുള്ള ഇളവ് ഒന്നരലക്ഷത്തിൽ നിന്ന് രണ്ടുലക്ഷം വരെയാകാം
സിഗററ്റിനും പുകയിലയ്‌ക്കും നികുതി കൂട്ടും
കാർഷികം
കർഷകക്ഷേമം ഉറപ്പാക്കും. വെയർഹൗസിംഗ് സൗകര്യം വിപുലമാക്കും. ഭക്ഷ്യസംസ്കരണത്തിനും പിന്തുണയുണ്ടാകും. പി.എം-കിസാൻ ആനുകൂല്യം വർദ്ധിപ്പിച്ചേക്കും.
വ്യോമയാനം
നികുതിയിളവുകൾക്ക് സാദ്ധ്യത.
ടൂറിസം
ഉണർവേകാൻ പ്രത്യേക പാക്കേജ്
മാനുഫാക്‌ചറിംഗ്, എം.എസ്.എം.ഇ
പ്രവർത്തനചട്ടങ്ങളിലും നികുതിയിലും ഇളവ് പ്രതീക്ഷിക്കാം. പ്രൊഡക്‌ഷൻ-ലിങ്ക്ഡ് സ്‌കീമിൽ എം.എസ്.എം.ഇകളെ ഉൾപ്പെടുത്താം.സ്റ്റാർട്ടപ്പുകൾക്കും പിന്തുണ.