''ഭായ് സാബ് , ബംഗാൾ മേ പോളിയോ ദേത്തേ ഹേ."" ( ചേട്ടാ, ബംഗാളിൽ പോളിയോ കൊടുക്കുന്നുണ്ട്)'' എന്റെ പൊന്നു ചേച്ചി , ഞാൻ മലയാളിയാ. എന്റെ മോൾക്ക് പോളിയോ തുള്ളിമരുന്ന് കൊടുക്കാനാ.""എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ സജ്ജമാക്കിയ പോളിയോ തുള്ളിമരുന്ന് വിതരണ കേന്ദ്രത്തിലെ നഴ്സ് ചേച്ചിക്ക് അപ്പോൾ ചിരി അടക്കാനായില്ല. വെള്ളിത്തിരയിൽ തിളങ്ങുന്ന സന്തോഷ് ലക്ഷ്മണിനെ കണ്ട് ഒരുപാട് ആളുകൾ ഇതേപോലെ 'ബംഗാളി ചായ" കുടിച്ചിട്ടുണ്ട്. കൊല്ലം ഇരവിപുരത്ത് ജനിച്ച് ഫാത്തിമ മാതാ കോളേജിൽ പഠിച്ച് കൊച്ചിയിൽ ജീവിക്കുന്ന സന്തോഷ് ലക്ഷ്മൺ സിനിമയിൽ ബംഗാളി കഥാപാത്രങ്ങളിൽ മാത്രം തിളങ്ങുന്ന താരമാണ്. ദീപക് പറമ്പോൽ,ധർമജൻ ബോൾഗാട്ടി എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന 'ദ ലാസ്റ്റ് ടു ഡെയ് സ് " എന്ന ചിത്രത്തിലൂടെ സംവിധായക കുപ്പായവും അണിയുകയാണ്.
മേജർ രവി, ജീത്തു ജോസഫ്, ബോബൻ സാമുവൽ, ജി. പ്രജിത്, വിനയ് ഗോവിന്ദ് എന്നീ സംവിധായകരുടെ പ്രിയ ശിഷ്യൻ കാമറയുടെ പിന്നിൽനിന്ന് മുന്നിലേക്ക് വന്നത് അപ്രതീക്ഷിതം.'' ഒരു വടക്കൻ സെൽഫിയിൽ സഹസംവിധായകനായി ജോലി ചെയ്യുമ്പോൾ അസോസിയേറ്റ് ഡയറക്ടർ അരുണാണ് എന്റെ ബംഗാളി മുഖം ആദ്യം കണ്ടെത്തുന്നത്. ആസമയത്ത് കേരളത്തിലേക്ക് ബംഗാളികളുടെ ഒഴുക്ക് തുടങ്ങിയിട്ടില്ല. കാമറയുടെ മുൻപിൽ ധൈര്യമായി വന്നു നിൽക്കുന്ന ബംഗാളിയെ കിട്ടാനും ബുദ്ധിമുട്ട്. നിവിൻ പോളിയോടൊപ്പം കോമ്പിനേഷൻ സീനിൽ അഭിനയിച്ചു തുടക്കം. 'ആക്ഷൻ ഹീറോ ബിജു"വിൽ വനിത പൊലീസുകാർക്ക് ചുരിദാർ വില്ക്കാൻ സ്റ്റേഷനിൽ വരുന്ന ബംഗാളി. 'ആൻമരിയ കലിപ്പിലാണ് " അടുത്ത സിനിമ. ആൻമരിയയുടെ വീട്ടുജോലിക്കാരൻ സനാദ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചശേഷമാണ് ആളുകൾ തിരിച്ചറിയാൻ തുടങ്ങിയത്. അതുവരെ ചെയ്തത് പേരില്ലാ ബംഗാളി കഥാപാത്രങ്ങൾ. '1971 ബിയോൺ ബോർഡേഴ്സി"ൽ ഭാഷയില്ലാ കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. 'വികൃതി"യിലും '41"ലും ബംഗാളി കഥാപാത്രങ്ങൾ.'41"ലെ ബുദ്ധദേവ് പ്രേക്ഷകരെ ചിരിപ്പിച്ചു.'
അഞ്ചാം പാതിര"യിലും ബംഗാളി യുവാവ് ആകാൻ മിഥുൻ മാനുവൽ തോമസ് വീണ്ടും വിളിച്ചു.'കർണൻ, നെപ്പോളിയൻ, ഭഗത് സിംഗ് " വരാൻ പോവുന്നു.അതിലും ബംഗാളി കഥാപാത്രം. അച്ഛൻ ല ക്ഷ്മണനോ അമ്മ ലീനയ്ക്കോ അനുജത്തി സനുഷയ്ക്കോ ബംഗാളി ഛായയില്ല""സന്തോഷ് ലക്ഷ്മൺ നിറഞ്ഞു ചിരിച്ചു. കോസ്റ്റ് ഗാർഡിൽ ഇലക് ട്രിക്കൽ സെയ്ലറായി ജോലി ചെയ്യുമ്പോൾ ബംഗാളിലെ മെറ്റിയബ്രൂസിൽ പോയതാണ് സന്തോഷ് ലക്ഷ്മണിന്റെ ആകെ ഉള്ള ബംഗാൾ ബന്ധം. ജോലി ഉപേക്ഷിച്ച് കഠിനാദ്ധ്വാനവും അർപ്പണമനോഭാവവും കൈമുതലാക്കി സന്തോഷ് സിനിമയിലൂടെ മുൻപോട്ട് പോയി.ആ പരിശ്രമത്തിന്റെ ഫലമായി ഒറ്റമൂലി, ലുട്ടാപ്പി എന്നീ ഷോർട്ട് ഫിലിം സംവിധാനം ചെയ്തു.ലുട്ടാപ്പി എന്ന കഥാപാത്രമായി എത്തി യുട്യൂബിനെയും ഞെട്ടിച്ചു.പത്തുവർഷമായി സന്തോഷ് ലക്ഷ്മൺ കൊച്ചിയിലാണ് താമസം. സിനിമയിൽ പിടിച്ചു നിൽക്കാൻ കുറെനാൾ കോൾ സെന്ററിൽ ജോലി ചെയ്തു. സജീവമായപ്പോൾ അതും ഉപേക്ഷിച്ചു. ഭാര്യ രേഖ എസ് .ബി. െഎ ഉദ്യോഗസ്ഥ.മകൾ ശ്രേയ. മകൻ യുവൻ. ''ക്രൈം ത്രില്ലറാണ് 'ദ ലാസ്റ്റ് ടു ഡെയ് സ് ". ഒരു നല്ല സംവിധായകനാവുകയാണ് ലക്ഷ്യം. ഒപ്പം അഭിനയം കൊണ്ടുപോവണം.""സന്തോഷ് ലക്ഷ്മൺ വീണ്ടും നിറഞ്ഞു ചിരിച്ചു.