bomb

കാശിപൂർ: മകനെ കൊല്ലാൻ ശ്രമിക്കുന്നതിനിടെ ബോംബ് പൊട്ടിത്തെറിച്ച് പിതാവ് മരിച്ചു. കൊൽക്കത്തയിലെ കാശിപൂർ റോഡിലാണ് സംഭവം. അറുപത്തിയഞ്ചുകാരനായ ഷെയ്ഖ് മത്‌ലാബ് ആണ് മരിച്ചത്. സ്‌ഫോടനത്തിൽ പരിക്കേറ്റ ഇയാളുടെ മകൻ ഷെയ്ഖ് നസീർ ഇതുവരെ അപകടനില തരണം ചെയ്തിട്ടില്ലെന്ന് ഡോക്ടർമാർ അറിയിച്ചു.


ഇന്നലെ ഉച്ചകഴിഞ്ഞ് 3.30 ഓടെയായിരുന്നു അപകടം ഉണ്ടായത്. മദ്യലഹരിയിൽ വീട്ടിലെത്തിയ ഷെയ്ഖ് മത്‌ലാബ് മകനുമായി വഴക്കിടുകയായിരുന്നു.തുടർന്ന്‌ബോംബ് കയ്യിലെടുക്കുകയായിരുന്നു. മകൻ പിടിച്ചുമാറ്റുന്നതിനിടയിൽ ബോംബ് നിലത്തുവീണ് പൊട്ടിത്തെറിക്കുകയായിരുന്നു.

സ്‌ഫോടന ശബ്ദം കേട്ടെത്തിയ നാട്ടുകാരാണ് പരിക്കേറ്റ ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കോസിപൂർ പൊലീസ് അന്വേഷണം ആരംഭിച്ചു. ഷെയ്ഖ് മാത്‌ലാബിന് എവിടെ നിന്നാണ് ബോംബ് കിട്ടിയതെന്നാണ് പ്രധാനമായും അന്വേഷിക്കുന്നത്. വീട്ടിൽ തിരച്ചിൽ നടത്തിയെങ്കിലും വേറെ ബോംബുകളൊന്നും കിട്ടിയിട്ടില്ല.