മോഹൻലാലുമൊത്തുള്ള സൗഹൃദത്തെ കുറിച്ച് മേജർ രവി പറഞ്ഞ വാക്കുകൾ ശ്രദ്ധേയമാവുകയാണ്. ആദ്യകാലത്ത് മോഹൻലാലുമായി സംസാരിക്കുന്നകാര്യം മറ്റുള്ളവരെ അറിയിക്കാൻ താൻ ഇടയ‌്ക്കിടെ ലാലിനെ വിളിക്കുമായിരുന്നെന്നും, എന്നാൽ പിന്നീട് അത് നിറുത്തേണ്ടി വന്ന സാഹചര്യവും മേജർ രവി വിശദമാക്കുന്നു.
'മിലിട്ടറി ഇന്റലിജൻസിലേക്ക് ട്രാൻസ്ഫർ ലഭിച്ചതിന് ശേഷമുള്ള എന്റെ ഫസ്‌റ്റ് പോസ്‌റ്റിംഗ് പോർട്ട്‌ബ്ളെയറിലായിരുന്നു. അവിടെ വച്ചാണ് ജീവിതത്തിലെ വഴിത്തിരിവായി മാറിയ, ഞാൻ ആരാധിക്കുന്ന മോഹൻലാൽ എന്ന വ്യക്തിയെ കാണുന്നതും പരിചയപ്പെടുന്നതും. അദ്ദേഹം അന്ന് അറിഞ്ഞിരുന്നു; ഒരു മലയാളിയാണ് രാജീവ്ഗാന്ധി വധക്കേസിലെ ശിവദാസിന്റെ 'ഓപ്പറേഷൻ' ചെയ‌്തതെന്ന്. എന്നെ കാണണമെന്ന ആഗ്രഹം ലാൽ പറയുമായിരുന്നു. പിന്നീട് കാർഗിലിൽ പോസ്‌റ്റിംഗ് കിട്ടി പോയപ്പോഴും ലാലുമായിട്ട് സംസാരിക്കുമായിരുന്നു.
അക്കാലത്ത് മോഹൻലാലുമൊക്കെയായിട്ട് സംസാരിക്കുന്നകാര്യം മറ്റുള്ളവർ അറിയുന്നത് ഭയങ്കര ത്രില്ലാണ്. ഏതൊരു സാധാരണക്കാരന്റെയും സുഖമാണത്. പിന്നീട് അടുക്കുന്ന സമയത്ത് ഞാൻ സൂക്ഷിക്കും. കാരണം, എപ്പോൾ വിളിച്ചാലും കിട്ടുന്നയാളെ വെറുതെ ശല്യം ചെയ്യരുതെന്ന് തോന്നി. പക്ഷേ തുടക്കത്തിൽ അതൊരു ത്രില്ലായിരുന്നുവെന്ന് പറയാതെ വയ്യ'.