ജനീവ:വാക്സിൻ ദേശീയത കൊവിഡ് നീണ്ടുനിൽക്കാൻ കാരണമാകുമെന്ന് ലോകാരോഗ്യ സംഘടനാ തലവൻ ടെഡ്രോസ് അഥാനോം ഗെബ്രിയേസസ്. ലോക സാമ്പത്തിക ഫോറത്തിന്റെ ഒരാഴ്ച നീണ്ടുനിൽക്കുന്ന ഓൺലൈൻ ദാവോസ് അജണ്ട ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.വികസിത രാജ്യങ്ങൾ സ്വന്തം പൗരന്മാർക്ക് മാത്രമായി വാക്സിൻ തയ്യാറാക്കുന്നത് കൊവിഡ് കാലം നീളാൻ കാരണമാവുമെന്നും അദ്ദേഹം പറഞ്ഞു. ചില രാജ്യങ്ങൾ വാക്സിനായി കാത്തിരിക്കുമ്പോൾ മറ്റ് രാജ്യങ്ങൾ അവരവരുടെ പൗരന്മാർക്ക് മാത്രം വാക്സിൻ നൽകുന്നതിനെയും അദ്ദേഹം വിമർശിച്ചു.
സ്വന്തം പൗരന്മാർക്കായി മാത്രം രാജ്യങ്ങൾ വാക്സിനുകൾ നിർമ്മിക്കുന്നത് ദുർബലരായ ആളുകളെ വലിയ അപകടത്തിലാക്കുകയാണ്.
ഇന്നലെയാണ് ലോകാരോഗ്യ സംഘടനയുടെ അടിയന്തര സമിതി അന്താരാഷ്ട്ര തലത്തിൽ കൊവിഡ് മൂലം പൊതു അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ട് ഒരു വർഷം പൂർത്തിയായത്. ലോകത്ത് നിലനിൽക്കുന്ന അസമത്വവും ദാരിദ്ര്യവും ചൂഷണങ്ങളും മഹാമാരിയിലൂടെ പുറത്തുവന്നിരിക്കുകയാണ്. ആരോഗ്യപ്രവർത്തകർക്കും പ്രായമേറിയവർക്കും വാക്സിൻ ലഭ്യമാക്കാൻ വാക്സിൻ ഉത്പാദിപ്പിക്കുന്ന രാജ്യങ്ങളോട് ലോകാരോഗ്യ സംഘടന അഭ്യർത്ഥിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൊവിഡ് പുരുഷന്മാരിലെ പ്രത്യുത്പാദന ശേഷിയെ ബാധിക്കുമെന്ന് പഠനം
പുരുഷന്മാരിലെ കൊവിഡ് ബാധ ബീജത്തിന്റെ ആരോഗ്യത്തേയും പ്രത്യുത്പാദന ശേഷിയേയും ബാധിക്കുമെന്ന പഠന റിപ്പോർട്ടുമായി ജർമനിയിലെ ജസ്റ്റസ് ലീബിഗ് സർവകലാശാല. ബീജത്തിന്റെ ആരോഗ്യത്തെ ബാധിക്കുന്ന ഓക്സിഡേറ്റീവ് സ്ട്രെസ് വർദ്ധിക്കുക, ബീജങ്ങൾ നശിച്ചുപോവുക, നീർവീക്കം കൂട്ടുക എന്നീ പ്രശ്നങ്ങൾ കൊവിഡ് മൂലം ഉണ്ടായേക്കാം. ഇത് പുരുഷന്മാരുടെ പ്രത്യുത്പാദനശേഷിയെ ബാധിക്കുമെന്നും പഠനത്തിലുണ്ട്. എന്നാൽ, പ്രത്യുത്പാദന ശേഷിയെ കൊവിഡ് എത്രത്തോളം ബാധിക്കുമെന്ന് വ്യക്തമല്ലെന്നും പഠനം പറയുന്നു.
84 പുരുഷന്മാരിൽ 60 ദിവസം നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്. കൊവിഡ് ബാധിച്ച 84 പേരേയും ബാധിക്കാത്ത 105 പേരേയും പഠനവിധേയമാക്കി. കൊവിഡ് ബീജത്തിലുണ്ടാക്കുന്ന ആഘാതം പ്രത്യുത്പാദനശേഷിയേയും ബീജത്തിന്റെ ഗുണനിലവാരത്തേയും ബാധിക്കുമെന്ന് വ്യക്തമായതായി പഠനത്തിന് നേതൃത്വം നൽകിയ ബെഹ്സാത് ഹജിസദേഹ് മലേകി പറഞ്ഞു. സമാനമായ പഠനങ്ങൾ നേരത്തെയും പുറത്തു വന്നിട്ടുണ്ട്.