plant-transplantation

വാഷിംഗ്ടൺ: അന്താരാഷ്ട്ര ബഹിരാകാശ നിലയം പച്ച പുതയ്ക്കുന്നു. സ്പേസ് പ്ലാന്റ് റിസർച്ചിന്റെ ഭാഗമായി ബഹിരാകാശ നിലയത്തിലെ വെജിറ്റബിൾ പ്രൊഡക്ഷൻ സിസ്റ്റത്തിൽ ആദ്യമായി ഒരു ചെടി പൊട്ടിമുളച്ചു. ചൊവ്വാ ദൗത്യമടക്കമുള്ള ദീർഘനാൾ നീണ്ടു നിൽക്കുന്ന ദൗത്യങ്ങളിൽ ബഹിരാകാശ സഞ്ചാരികൾക്ക് പോഷകം നൽകുന്നതിന്റെ ഭാഗമായാണ് പച്ചക്കറികൾ ചെടികൾ നിലയത്തിൽ വച്ചുപിടിപ്പിക്കുന്നത്. ആറ് മാസമായി ബഹിരാകാശ നിലയത്തിൽ കഴിയുന്ന മൈക്ക് ഹോപ്കിൻസ് പല തരത്തിലുള്ള കടുക് ചെടികളുടേയും ലെറ്റ്യൂസിന്റേയും വിത്ത് പാകി കഴിഞ്ഞു. മണ്ണും രാസവളവും നിറഞ്ഞ പ്രത്യേക തരം തലയണയിലാണ് (പ്ലാന്റ് പില്ലോ) ചെടികൾ വളരുന്നത്. ചെടികൾ നന്നായി വളരുന്നുണ്ടെന്ന് മൈക്ക് പറയുന്നു. ഭൂമിയിലേയും ബഹിരാകശത്തേയും സാഹചര്യങ്ങൾ ഏറെ വ്യത്യസ്തമാണ്. ദ്രാവകങ്ങളുടെ സ്വഭാവവും ഭൂമിയിലേതിൽ നിന്ന് വ്യത്യസ്തമാണ്. എന്നാൽ, ഇത് ബഹിരാകാശത്തെ പച്ചക്കറി ചെടികൾക്ക് ഗുണകരമായെന്നാണ് വിലയിരുത്തൽ.