ചെന്നൈ: കുനുകുനെയരിഞ്ഞ സവാളയിലേക്ക് കട്ടത്തൈരൊഴിച്ച് നന്നായി തവി കൊണ്ടിളക്കി, പാകത്തിന് ഉപ്പു ചേർത്ത് നാക്കിൽ വച്ച് അദ്ദേഹം പറഞ്ഞു. 'ആഹാ. നല്ലായിറുക്ക്'. കോൺഗ്രസ് നേതാവും എം.പിയുമായ രാഹുൽഗാന്ധിയുടെ 'കൈപുണ്യത്തിന്' മുന്നിൽ തമിഴ് വില്ലേജ് ഫുഡ് ചാനലിന്റെ വ്ളോഗർമാർ 'ഫ്ളാറ്റ്".
അവർക്കൊപ്പം നിലത്തു വിരിച്ച തഴപ്പായിലിരുന്ന് നാക്കിലയിൽ വിളമ്പിയ ചൂടു കൂൺ ബിരിയാണി കഴിച്ച് നാട്ടു വർത്തമാനം പറയുന്ന രാഹുൽഗാന്ധി സോഷ്യൽമീഡിയയിലാകെ വൈറലായിരിക്കയാണ്.
യൂട്യൂബിൽ ഹിറ്റായ വില്ലേജ് ഫുഡ് ചാനൽ വെള്ളിയാഴ്ച അപ്‌ലോഡ് ചെയ്ത വീഡിയോയിലാണ് രാഹുലിന്റെ 'രുചി പരീക്ഷണങ്ങൾ'.
വ്ളോഗർമാർ ഭക്ഷണം തയ്യാറാക്കുന്നിടത്തെത്തിയ രാഹുൽ ഗാന്ധി സവാളയും തൈരും ചേർത്ത് സാലഡ് തയ്യാറാക്കി. ഓരോ ചേരുവയുടേയും പേരെടുത്ത് പറഞ്ഞാണ് രാഹുൽ പാചകം ചെയ്യുന്നത്. ഒടുവിൽ നിലത്ത് ചമ്രം പടഞ്ഞിരുന്ന് അവർ തയ്യാറാക്കിയ കൂൺ ബിരിയാണിയും കഴിച്ചു. ഏറെ നേരം ഇവരുമായി സംഭാഷണം നടത്തി. ഭക്ഷണത്തിന് ശേഷം 'നല്ലായിറുക്ക്' എന്ന് തമിഴിൽ തന്നെ അഭിപ്രായവും പറഞ്ഞാണ് രാഹുൽ എഴുന്നേറ്റത്. ഭക്ഷണം ഏറെ ആസ്വദിച്ചുവെന്ന് രാഹുൽ പറഞ്ഞു. വിദേശത്തുപോയി പാചകം ചെയ്യുകയെന്നതാണ് ആഗ്രഹമെന്ന് വ്ളോഗർമാർ രാഹുൽ ഗാന്ധിയോടു പറഞ്ഞു. വേണ്ട സഹായങ്ങൾ ചെയ്യാമെന്ന് രാഹുൽ വാക്കു നല്കി.