വാഷിംഗ്ടൺ: ഐക്യരാഷ്ട്ര സഭയിലെ സുപ്രധാന സ്ഥാനങ്ങളിലേക്ക് ഇന്ത്യൻ വംശജരായ രണ്ട് വനിതകളെ നിയമിച്ച് ബൈഡൻ ഭരണകൂടം. യു.എന്നിലെ യു.എസ് അംബാസഡറുടെ മുതിർന്ന നയ ഉപദേഷ്ടാവായി സോഹിനി ചാറ്റർജിയെയും യു.എസ് ദൗത്യസംഘത്തിന്റെ നയ ഉപദേഷ്ടാവായി അദിതി ഗൊറൂറിനെയുമാണ് നിയമിച്ചത്.
ബറാക് ഒബാമ ഭരണകൂടത്തിൽ ഗ്ലോബൽ ഡവലപ്മെന്റ് വിഷയങ്ങളെ കുറിച്ച് പഠനം നടത്തുന്ന സംഘത്തിന്റെ സീനിയർ പോളിസി അഡ്വൈസറായി സോഹിനി പ്രവർത്തിച്ചിട്ടുണ്ട്. സ്റ്റെപ്റ്റൊ ആൻഡ് ജോൺസൺ ഇന്റർനാഷനൽ ലീഗൽ ഫേമിലെ അറ്റോണിയായിരുന്നു. കൊളംബിയ യൂണിവേഴ്സിറ്റി
സ്കൂൾ ഒഫ് ഇന്റർനാഷനൽ ഫാക്കൽറ്റിയിലും സേവനമനുഷ്ഠിച്ചു.
യു.എൻ സമാധാന ദൗത്യസംഘത്തിലെ വിദഗ്ദ്ധയാണ് അദിതി. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹ്യൂമൻ സെറ്റിൽമെന്റ് ഇൻ ഇന്ത്യ, ഏഷ്യ ഫൗണ്ടേഷൻ, വാഷിംഗ്ടണിലെ സെന്റർ ഫോർ ലിബർട്ടി ഇൻ ദ മിഡിലീസ്റ്റ് എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.