ന്യൂഡൽഹി: ഡൽഹിയിലെ ഇസ്രയേൽ എംബസിക്ക് മുന്നിലുണ്ടായ സ്‌ഫോടനത്തിന് ഉത്തരവാദിത്വം തങ്ങൾക്കാണെന്ന് ജയ്‌ഷെ ഉൽ ഹിന്ദ് എന്ന സംഘടന. ടെലഗ്രാം പോസ്‌റ്റിലാണ് സംഘടനയുടെ അവകാശവാദം. അതേസമയം രണ്ട് ഇറാൻ പൗരന്മാരെ സംഭവവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യുകയാണ്. ഉത്തരവാദിത്വമേറ്റ സംഘടനയെ കുറിച്ചും അതിന്റെ അവകാശങ്ങളെ കുറിച്ചും പരിശോധിക്കുമെന്ന് ദേശീയ അന്വേഷണ ഏജൻസി വ്യക്തമാക്കി. സംഭവം ഭീകരാക്രമണമാണെന്ന് ഇസ്രയേൽ അംബാസഡർ റോൺ മൽക്ക് അഭിപ്രായപ്പെട്ടു. കേസിൽ പ്രാഥമിക അന്വേഷണം നടത്തിയ ഡൽഹി പൊലീസ് നേരത്തെ ബാറ്ററിയുടെ അവശിഷ്‌ടങ്ങൾ ഇവിടെനിന്നും കണ്ടെത്തിയിരുന്നു. ഇതോടെ വാഹനത്തിലെത്തി സ്‌ഫോടക വസ്‌തു എറിഞ്ഞതാണെന്ന വാദം ദുർബലമായിരിക്കുകയാണ്. തുടർന്ന് ഭീകരവാദ വിരുദ്ധ യൂണിറ്റിന് തുടരന്വേഷണം പൊലീസ് കൈമാറി.
ഇസ്രയേലി അംബാസഡറിന് എഴുതിയ ഒരു കത്ത് സ്ഥലത്ത് നിന്നും കണ്ടെത്തിയിട്ടുണ്ട്. ഇതിൽ സ്‌ഫോടനം ഒരു ട്രെയിലർ ആണെന്നും ഇതൊരു തുടക്കമായിരിക്കും എന്നും കുറിച്ചിട്ടുണ്ട്. സമീപസ്ഥലത്തെ സിസിടിവി ക്യാമറകളിൽ ചിലവ പ്രവർത്തിക്കുന്നില്ല. ലഭ്യമായ സിസിടിവി ദൃശ്യങ്ങളിൽ ഒരു വാഹനത്തിൽ നിന്ന് രണ്ടുപേർ ഇറങ്ങിപ്പോകുന്നതായി കാണുന്നുമുണ്ട്. സംഭവത്തിൽ ഇന്ത്യൻ ഏജൻസികളെ സഹായിക്കാൻ ഇസ്രയേലി അന്വേഷണ സംഘം ഉടനെത്തും.
വെളളിയാഴ്‌ച വൈകിട്ട് അഞ്ചുമണിയോടെയാണ് തലസ്ഥാന നഗരത്തിലെ എ.പി.ജെ അബ്‌ദുൾകലാം റോഡിലെ ഇസ്രയേലി എംബസിയുടെ സമീപത്ത് സ്‌ഫോടനമുണ്ടായത്. മൂന്ന് കാറുകൾക്ക് തകരാറുകൾ സംഭവിച്ചതൊഴിച്ചാൽ മറ്റ് വലിയ നാശനഷ്‌ടമൊന്നുമുണ്ടായില്ല. ഇന്ത്യ-ഇസ്രയേൽ നയതന്ത്ര ബന്ധത്തിന്റെ ഇരുപത്തൊൻപതാം വാർഷികദിനമായിരുന്നു ഇന്നലെ. രാജ്യത്തെ റിപ്പബ്ളിക് ദിനാഘോഷ ഭാഗമായ ബീറ്റിംഗ് റിട്രീറ്റ് നടക്കുന്ന സമയത്ത് തന്നെയായിരുന്നു സ്‌ഫോടനമുണ്ടായത്. വലിയ സുരക്ഷയായിരുന്നു നഗരത്തിൽ ഈ സമയം ഏർപ്പെടുത്തിയിരുന്നത്.