വാഷിംഗ്ടൺ: വീഡിയോ സ്ട്രീമിംഗ് ആപ്പുകളിൽ ഒന്നാം സ്ഥാനത്തുള്ള നെറ്റ്ഫ്ലിക്സ് പുതിയ സ്ലീപ്പിംഗ് ടൈം ഫീച്ചർ ആഗോളതലത്തിൽ പരീക്ഷിക്കുന്നു. വീഡിയോ കാണുന്നതിന് ഒരു നിശ്ചിത സമയം നിശ്ചയിക്കാൻ സാധിക്കുന്ന ഈ സംവിധാനം ആൻഡ്രോയിഡ് ആപ്പുകളിലാണ് പരീക്ഷിക്കുന്നത്.
ഈ സമയപരിധി കഴിഞ്ഞാൽ നെറ്റ്ഫ്ലിക്‌സ് പ്രവർത്തനം അവസാനിപ്പിക്കും. 15 മിനിറ്റ്, 30 മിനിറ്റ്, 45 മിനിറ്റ് എന്നിങ്ങനെ സമയം നിശ്ചയിക്കാം. ഇത് ബാറ്ററി ലൈഫിന് ഗുണം ചെയ്യും. കൂടാതെ പരമ്പരകൾ കാണുമ്പോൾ എപ്പിസോഡുകൾ തുടർച്ചയായി ഓട്ടോ പ്ലേ ആവാതിരിക്കാനും ഈ സംവിധാനം സഹായകമാകും.
നിലവിൽ തിരഞ്ഞെടുത്ത ആൻഡ്രോയിഡ് ഉപയോക്താക്കൾക്കു മാത്രമാണ് ഈ ഫീച്ചർ ലഭ്യമാക്കിയിരിക്കുന്നത്. മറ്റ് ഉപകരണങ്ങളിലേക്കും ഈ സംവിധാനം അവതരിപ്പിക്കാനും കമ്പനി ശ്രമിച്ചുവരികയാണ്. നിലവിൽ മുതിർന്നവർക്ക് മാത്രമാണ് ഈ സൗകര്യം ലഭ്യമാകുക. കുട്ടികളുടെ പ്രൈഫൈലിൽ വീഡിയോ കാണുന്ന സമയം നിയന്ത്രിക്കാൻ ഇത് ഏറെ സഹായകമാകുമെന്നും പറയപ്പെടുന്നുണ്ട്. ഈ ഫീച്ചർ ഭാവിയിൽ ലഭ്യമാക്കിയേക്കും. അതേസമയം, സ്ലീപ്പ് ടൈം ഫീച്ചർ എല്ലാ ഉപയോക്താക്കൾക്കുമായി എന്ന് ലഭ്യമാക്കുമെന്ന് വ്യക്തമല്ല.