നൂറ്റാണ്ടുകൾക്ക് ശേഷം ഒരു അപൂർവ അതിഥി വിരുന്നെത്തിയതിന്റെ സന്തോഷത്തിലാണ് ന്യൂയോർക്കിലെ സെൻട്രൽ പാർക്ക് അധികൃതർ. സ്നോയി ഔൾ ഇനത്തിൽപ്പെട്ട മൂങ്ങയാണ് 130 വർഷത്തെ ഇടവേളയ്ക്കു ശേഷം സെൻട്രൽ പാർക്കിലെത്തിയത്. 1890 ലാണ് അവസാനമായി സ്നോയി ഔളിനെ സെൻട്രൽ പാർക്കിൽ കണ്ടെത്തിയത്.
സ്നോയി ഔളിനെ കണ്ടവരിൽ പലരും ഹാരിപോട്ടർ സിനിമ സീരിസിലെ ഹെഡ്വിഗ് എന്ന മൂങ്ങയെ ആണ് ഓർത്തത്. പാർക്കിലെത്തിയ മൂങ്ങ അവിടെ കണ്ട ഒരു കാക്കയുമായി സൗഹൃദം സ്ഥാപിച്ചു. അതേസമയം, അടുത്തെത്തിയ ഒരു പരുന്തിനെ വിരട്ടിയോടിക്കുകയും ചെയ്തു. സന്ദർശകർ പകർത്തിയ അപൂർവ മൂങ്ങയുടെ നിരവധി ചിത്രങ്ങൾ ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഇടയ്ക്ക് അമേരിക്കയിലെ ക്വീൻസിലും റോക്ക് എവേ ബീച്ചിനു സമീപത്തുമായി ഇവയെ കണ്ടെത്തിയതായി റിപ്പോർട്ടുകളുണ്ടെങ്കിലും മാൻഹട്ടാൻ മേഖലയിൽ ഇത്തരത്തിൽ ഒന്നിനെ കണ്ടെത്തുന്നത് ഒരു നൂറ്റാണ്ടിനു ശേഷമാണ്.
തൂവെള്ള നിറത്തിൽ തവിട്ടു പുള്ളികളുമായി കാണപ്പെടുന്ന സ്നോയി ഔളുകളെ കണ്ടെത്താൻ പ്രയാസമാണ്
ഉത്തര മേഖലകളിലാണ് സാധാരണയായി സ്നോയി ഔളുകളെ കണ്ടുവരുന്നത്. എന്നാൽ കാലാവസ്ഥ മാറുന്നതനുസരിച്ച് അവ ചിലപ്പോൾ ദീർഘദൂരം സഞ്ചരിക്കാറുണ്ട്.
സാധാരണ മൂങ്ങകളെ പോലെ ഇവ നിശാ സഞ്ചാരികളല്ല. പകൽസമയങ്ങളിൽ ഇര തേടുകയും രാത്രികാലങ്ങളിൽ ഉറങ്ങുകയും ചെയ്യുന്നു