bomb-blast

കൊൽക്കത്ത: മദ്യപിക്കുന്നതിനെച്ചൊല്ലി വഴക്കിട്ട മകനോടുള്ള വൈരാഗ്യം തീർക്കാൻ നാടൻ ബോംബെറിയാൻ ശ്രമിച്ച അച്ഛൻ അത് പൊട്ടിത്തെറിച്ച് മരിച്ചു.

പശ്ചിമബംഗാളിലെ കാശിപുർ റോഡിൽ വെള്ളിയാഴ്ച ഉച്ചയ്ക്ക് മൂന്നരയോടെയാണ് സംഭവം. സ്‌ഫോടനത്തിൽ മകനും പരിക്കേറ്റു. ഇരുവരെയും ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും അച്ഛൻ ഷെയ്ഖ് മത്‌ലബിന്റെ (65) ജീവൻ രക്ഷിക്കാനായില്ല.

ഷെയ്ഖ് മത്‌ലബ് സ്ഥിരമായി മദ്യപിച്ച് എത്തിയിരുന്നതിനെ തുടർന്ന് വീട്ടിൽ കലഹം പതിവായിരുന്നു. ഫാക്ടറിത്തൊഴിലാളിയായ മകൻ ഷെയ്ഖ് നസീർ വെള്ളിയാഴ്ച ഉച്ചയ്ക്ക് ജോലി കഴിഞ്ഞ് മടങ്ങിയെത്തിയ ശേഷം മദ്യലഹരിയിലായിരുന്ന മത്‌ലബുമായി വഴക്കിട്ടു. തർക്കം

മൂർച്ഛിച്ചതോടെ മകനെ ആക്രമിക്കാൻ നാടൻ ബോംബുമായെത്തിയ മത്‌ലബിനെ തടയാൻ നസീർ ശ്രമിച്ചെങ്കിലും താഴെ വീണ് പൊട്ടുകയായിരുന്നു. സ്‌ഫോടനത്തിൽ ഇരുവർക്കും പരിക്കേറ്റു. ശബ്ദം കേട്ടെത്തിയ അയൽവാസികൾ ഉടൻ തന്നെ ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും അവിടെയെത്തുന്നതിന് മുമ്പ് തന്നെ മത്‌ലബ് മരിച്ചിരുന്നു.

സ്‌ഫോടനത്തിൽ വിരലുകൾക്ക് ഗുരുതര പരിക്കേറ്റ നസീറിനെ വിദഗ്ദ്ധ ചികിത്സയ്ക്കായി കൊൽക്കത്ത എസ്.എസ്‌.കെ.എം ആശുപത്രിയിലേക്ക് മാറ്റി. മത്‌ലബിന് സ്‌ഫോടകവസ്തു ലഭിച്ചതെങ്ങനെയെന്ന് പൊലീസ് അന്വേഷിക്കുന്നു.