മനാമ: ബഹ്റൈനിൽ നിരവധി പേരിൽ ജനിതകമാറ്റം വന്ന കൊവിഡ് റിപ്പോർട്ട് ചെയ്തതിന്റെ പശ്ചാതലത്തിൽ കടുത്ത നിയന്ത്രണങ്ങൾ ഇന്ന് മുതൽ നിലവിൽ വരും. ആദ്യപടിയായി രാജ്യത്തെ സ്‌കൂളുകൾ, കഫേകൾ, റസ്റ്റോറന്റുകൾ, മറ്റു ഭക്ഷണ ശാലകൾ എന്നിവ മൂന്ന് ആഴ്ചത്തേയ്ക്ക് അടച്ചിടും. സ്‌കൂളുകളിൽ ഓൺലൈൻ സംവിധാനം തുടരും.
2020 ഡിസംബർ മുതൽ രാജ്യത്ത് കൊവിഡ് കേസുകൾ കൂടിവരികയാണെന്നാണ് റിപ്പോർട്ട്. അതിനിടയിലാണ് പുതിയ വൈറസ് കണ്ടെത്തിയെന്ന റിപ്പോർട്ടുകളും പുറത്തുവന്നിരിക്കുന്നത്. രാജ്യത്തെ പ്രവാസി ജീവനക്കാരിലും കൊവിഡ് കൂടുതൽ വ്യാപിക്കുന്നതായി കഴിഞ്ഞ ദിവസം വ്യക്തമായിരുന്നു.
അതേസമയം, ബഹ്‌റൈനിൽ വാക്‌സിൻ വിതരണം സജീവമായി തുടരുകയാണ്. ലോകത്ത് ആളോഹരി വാക്‌സിൻ വിതരണത്തിന്റെ കാര്യത്തിൽ മൂന്നാമതാണ് ബഹ്‌റൈൻ. ഫൈസറിന്റേയും സിനോഫാമിന്റേയും വാക്സിനുകളാണ് രാജ്യത്ത് വിതരണം ചെയ്യുന്നത്.
സ്വദേശികള്‍ക്കും പ്രവാസികൾക്കും വാക്‌സിൻ സൗജന്യമാണ്. 25ന് ആസ്ട്രാസെനക്കയുടെ വാക്സിന് ബഹ്‌റൈന്‍ ആരോഗ്യമന്ത്രാലയം അടിയന്തര അനുമതി നൽകിയിരുന്നു.