ബംഗളൂരു: കർണാടക നിയമസഭയിലിരുന്ന് അശ്ലീല വീഡിയോ കാണുന്ന കോൺഗ്രസ് നേതാവ് പ്രകാശ് റാത്തോഡിന്റെ ദൃശ്യങ്ങൾ പുറത്തായത് വിവാദമായി.
നിയമസഭയിലുണ്ടായിരുന്ന കാമറാമാൻമാരാണ് റാത്തോഡ് സഭയിലിരുന്ന് പോൺ വീഡിയോ കാണുന്നതിന്റെ ദൃശ്യങ്ങൾ പകർത്തിയത്. ഇത് പിന്നീട് പ്രചരിക്കുകയായിരുന്നു. എന്നാൽ താൻ ഇന്റർനെറ്റിൽ ബ്രൗസ് ചെയ്യുകയായിരുന്നില്ലെന്നും ഫോണിലുണ്ടായിരുന്ന അനാവശ്യ സന്ദേശങ്ങൾ നീക്കം ചെയ്യുകയായിരുന്നെന്നും പ്രകാശ് വിശദീകരിച്ചു.
'സാധാരണഗതിയിൽ നിയമസഭയ്ക്കകത്ത് ഫോൺ കൊണ്ടുപോകാറില്ല. എന്നാൽ ഒരു ചോദ്യം ചോദിക്കാനായി ഞാൻ ആഗ്രഹിച്ചിരുന്നു. അതിനായാണ് ഫോൺ എടുത്തത്. എന്നാൽ എന്റെ സ്‌റ്റോറേജ് നിറഞ്ഞിരിക്കുകയാണെന്ന് മനസിലായപ്പോൾ എനിക്കാവശ്യമില്ലാത്ത ക്ലിപ്പുകൾ ഞാൻ നീക്കം ചെയ്യുകയായിരുന്നു.' - പ്രകാശ് പറഞ്ഞു.
നിയമസഭയ്ക്കുളളിലിരുന്ന് അംഗങ്ങൾ അശ്ലീല വീഡിയോ കാണുന്ന രംഗങ്ങൾ കാമറയിൽ പതിയുന്നത് ഇതാദ്യമായല്ല. 2012ൽ നിയമസഭയ്ക്കുളളിലിരുന്ന് ലക്ഷ്മൺ സാവഡിയും മറ്റു രണ്ടുപേരും അശ്ലീല വീഡിയോ കാണുന്നത് പിടിക്കപ്പെട്ടിരുന്നു. നിലവിൽ ഉപമുഖ്യമന്ത്രിയും ഗതാഗതമന്ത്രിയുമാണ് സാവഡി.
കോൺഗ്രസ് അംഗത്തിന്റെ നടപടിയെ അപലപിച്ച് ബി.ജെ.പി രംഗത്തെത്തി. റാത്തോഡിനെ സസ്‌പെൻഡ് ചെയ്യണമെന്നും ബി.ജെ.പി ആവശ്യപ്പെട്ടു.