ന്യൂഡൽഹി: റിപ്പബ്ലിക് ദിനത്തിൽ ട്രാക്ടർ റാലിയുമായി ബന്ധപ്പെട്ട സംഘർഷത്തിൽ ശശി തരൂർ എം.പി, മാദ്ധ്യമപ്രവർത്തകനായ രാജ്ദീപ് സർദേശായി, മൃണാൽ പാണ്ഡെ എന്നിവർക്കെതിരെ ഹരിയാനയിലും രാജ്യദ്രോഹക്കേസ് രജിസ്റ്റർ ചെയ്തു. ബി.ജെ.പി ഭരിക്കുന്ന മൂന്നാമത്തെ സംസ്ഥാനമാണ് ഇവർക്കെതിരെ ഒരേ സംഭവത്തിൽ രാജ്യദ്രോഹക്കേസ് രജിസ്റ്റർ ചെയ്യുന്നത്.
രാജ്യസുരക്ഷയെ ബാധിക്കുന്ന തെറ്റായ കാര്യങ്ങൾ ട്വീറ്റ് ചെയ്തെന്ന ജർസയിൽ നിന്നുള്ള മഹാബീർ സിംഗിന്റെ പരാതിയിൽ ഗുരുഗ്രാം പൊലീസ് കേസെടുക്കുകയായിരുന്നു. സഫർ ആഗ, വിനോദ് കെ ജോസ് തുടങ്ങിയ മാദ്ധ്യമപ്രവർത്തകർക്കെതിരെയും ഗുരുഗ്രാം സൈബർ സെൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു.
ജനാധിപത്യത്തിന്റെ അന്തസ് കീറിമുറിച്ചു: പ്രിയങ്ക
മാദ്ധ്യമപ്രവർത്തകർക്കും ശശി തരൂർ എം.പിക്കുമെതിരായി എഫ്.ഐ.ആർ എടുത്തതോടെ ബി.ജെ.പി ജനാധിപത്യത്തിന്റെ അന്തസ് കീറിമുറിച്ചു. എഫ്.ഐ.ആറിട്ട് ജനപ്രതിനിധികളെയും മാദ്ധ്യമപ്രവർത്തകരെയും ഭീഷണിപ്പെടുത്തുന്ന ബി.ജെ.പിയുടെ ഈ ശീലം വളരെ വിഷമയമാണ്.
- പ്രിയങ്കാഗാന്ധി, കോൺഗ്രസ് നേതാവ്