ബംഗളൂരു: അമേരിക്കയും ഇന്ത്യയും തമ്മിലുള്ള പ്രതിരോധ സഹകരണം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഫെബ്രുവരി 3 മുതൽ 5 വരെ ബാംഗ്ലൂരിലെ യെലഹെങ്കോ എയർബേസിൽ നടക്കുന്ന 'എയ്‌റോ ഇന്ത്യ 2021' അന്താരാഷ്ട്ര വ്യോമ പ്രദർശനത്തിൽ അമേരിക്കയും പങ്കെടുക്കും.
യു.എസ് ഉദ്യോഗസ്ഥരുടെയും പ്രതിരോധ വ്യവസായ പ്രതിനിധികളുടെയും ഉന്നതതല സംഘത്തെ ഇന്ത്യയിലെ യു.എസ് അംബാസഡറുടെ ചുമതലയുള്ള ഡോൺ ഹെഫ്‌ലിൻ നയിക്കും.
എയ്‌റോ ഇന്ത്യയിലേക്കുള്ള ഈ വർഷത്തെ യു എസ് പ്രതിനിധി സംഘത്തെ നയിക്കുന്നതിൽ സന്തുഷ്ടനാണെന്നും യു.എസ്-ഇന്ത്യ പ്രതിരോധ സഹകരണം ശക്തിപ്പെടുത്തുന്നതിനായി അവസരം ഉപയോഗപ്പെടുത്തുമെന്നും ഹെഫ്‌ലിൻ പറഞ്ഞു. ഇരു രാജ്യങ്ങളുടേയും വർദ്ധിച്ചുവരുന്ന പ്രതിരോധ ബന്ധത്തെയും സ്വതന്ത്രമായ ഇന്തോ-പസഫിക് മേഖലയെക്കുറിച്ചുള്ള സംയുക്ത കാഴ്ചപ്പാടും ഇത് പ്രതിഫലിപ്പിക്കും.
ഷോയുടെ സവിശേഷതകളിലൊന്ന്, അമേരിക്കൻ വ്യോമസേനയുടെ ബി -1 ബി ലാൻസർ ഹെവി ബോംബർ വിമാനത്തിന്റെ പ്രകടനമായിരിക്കും. സൂപ്പർസോണിക് ഹെവി ബോംബറായ ഈ പോർവിമാനം അമേരിക്കയുടെ ദീർഘദൂര ബോംബർ വ്യൂഹത്തിന്റെ നട്ടെല്ലായി കണക്കാക്കപ്പെടുന്നു. അമേരിക്കയിലെ സൗത്ത് ഡക്കോട്ടയിലെ എൽസ്‌വർത്ത് ബേസിലെ 28 ബോംബ് വിംഗിന്റെ ഭാഗമായ വിമാനം ലോകമെമ്പാടും യുദ്ധഭൂമികളിൽ കെടുതി വിതച്ചിട്ടുണ്ട്.
ഇന്ത്യയുടെ ആദ്യത്തെ ഹൈബ്രിഡ് ഡിഫൻസ് എക്സിബിഷന് പിന്തുണ നൽകുന്നതിന്റെ ഭാഗമായി, ഹാവായിലെ അമേരിക്കൻ എയർഫോഴ്സ് ബാൻഡ് ഓഫ് പസഫിക് ഇന്ത്യൻ ഘടം കലാകാരൻ ഗിരിധർ ഉഡുപയോടൊപ്പം പരിപാടി അവതരിപ്പിക്കും. ഇത് യുഎസ് എംബസി ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം പേജുകളിൽ പ്രക്ഷേപണം ചെയ്യും. കർശനമായ കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചാണ് എയ്‌റോ ഇന്ത്യ 2021 സംഘടിപ്പിക്കുന്നത്.