ചണ്ഡിഗഢ്: കർഷക സമരം തുടങ്ങിയതിന് ശേഷം പാകിസ്ഥാനിൽ നിന്ന് ഇന്ത്യയിലേക്കുള്ള ആയുധ, മയക്കുമരുന്ന് കടത്ത് വർദ്ധിച്ചുവെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗ്. പഞ്ചാബിൽ അസ്വസ്തതകളുണ്ടാക്കാനാണ് പാകിസ്ഥാന്റെ ശ്രമം. ഇക്കാര്യത്തിൽ വിശദമായ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഡ്രോണുകൾ വഴിയാണ് പഞ്ചാബിലേക്കുള്ള പാകിസ്ഥാന്റെ ആയുധക്കടത്ത്. കർഷക സമരം ആരംഭിച്ചതിന് ശേഷം പണം, ഹെറോയിൻ എന്നിവയും കടത്തുന്നുണ്ട്. കഴിഞ്ഞ നവംബറിൽ കേന്ദ്രമന്ത്രി അമിത് ഷായുമായുള്ള കൂടിക്കാഴ്ചയിൽ പഞ്ചാബിൽ പ്രശ്നങ്ങളുണ്ടാക്കാനുള്ള പാക് ശ്രമത്തെക്കുറിച്ചുള്ള ആശങ്കകൾ അദ്ദേഹത്തെ ധരിപ്പിച്ചിരുന്നു. അസ്വസ്തതകൾ നിറഞ്ഞ പഞ്ചാബാണ് പാകിസ്ഥാന് താത്പര്യം. ഇതിനായി സംസ്ഥാനത്ത് സ്ലീപ്പർ സെല്ലുകളുണ്ടെന്നും അവർക്ക് സജീവമാകാൻ സാധിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
ചൈനയും പാകിസ്ഥാനും ഇന്ത്യയ്‌ക്കെതിരായി ഒന്നിച്ച് പ്രവർത്തിക്കും. കാർഷിക നിയമങ്ങളിൽ ആശങ്കപ്പെടുന്ന കർഷകരുടെ നാട്ടിൽ നിന്നാണ് രാജ്യത്തെ 20 ശതമാനത്തോളം സൈനികരും. സൈനികരുടെ മനോവീര്യം തകരാൻ അനുവദിക്കരുതെന്നും അദ്ദേഹം പറഞ്ഞു