ഇന്ത്യയുടെ രാഷ്ട്രപിതാവായ ഗാന്ധിജിയുടെ 73മത് രക്തസാക്ഷി ദിനമായ ഇന്ന് വെടിവച്ച് കൊലപ്പെടുത്തിയ നാഥുറാം ഗോഡ്സെയ്ക്കെതിരെ ട്വീറ്റുമായി തെന്നിന്ത്യൻ നടൻ സിദ്ധാർത്ഥ്. ഗോഡ്‌സെ ഭീരുവും തീവ്രവാദിയുമായിരുന്നു എന്നും അയാൾ ഒരു 'ആർഎസ്എസ് ലൂസർ' ആയിരുന്നുവെന്നുമാണ് നടൻ തന്റെ ട്വീറ്റിലൂടെ പറയുന്നത്.
ഗോഡ്‌സെയെ കുറിച്ചുള്ള ഓർമകളും അയാളുടെ നാമവും എന്നും ഇന്ത്യക്കാർക്ക് നാണക്കേടുണ്ടാക്കുന്നത് തന്നെയായിരിക്കട്ടെ എന്നും സിദ്ധാർത്ഥ് തന്റെ കുറിപ്പിൽ പറയുന്നു. നടന്റെ ട്വീറ്റിനെ അനുകൂലിച്ചുകൊണ്ടും അദ്ദേഹത്തെ വിമർശിച്ചും ഗോഡ്‌സെയെ അനുകൂലിച്ചുകൊണ്ടും നിരവധി പേർ സിദ്ധാർത്ഥിന് മറുപടിയുമായി എത്തിയിട്ടുണ്ട്.
ഗാന്ധിജിയുടെ രക്തസാക്ഷി ദിനത്തിൽ ഗോഡ്‌സെയെ അനുകൂലിച്ചുകൊണ്ടുള്ള ഹാഷ്ടാഗ് ട്വിറ്ററിൽ ട്രെൻഡിംഗ് ആയിരുന്നു. ഇതിനെതിരെ കൂടിയാണ് നടൻ ഇത്തരത്തിൽ പ്രതികരിച്ചത്. 'ഗോഡ്‌സെ അമർ രഹേ, നാഥുറാം ഗോഡ്‌സെ' എന്നീ ഹാഷ്ടാഗുകളായിരുന്നു ട്രെൻഡിംഗായി മാറിയത്.
കുറിപ്പ് ചുവടെ:
'നാഥുറാം ഗോഡ്‌സെ ഒരു ഭീരുവും, തീവ്രവാദിയും ആർഎസ്എസ് ലൂസറും(ഒരു പരാജയം) കൊലപാതകിയുമാണ്. അയാളുടെ നാമവും അയാളെക്കുറിച്ചുള്ള ഓർമ്മകളും എന്നും ഇന്ത്യക്കാരായ നമ്മിൽ എന്നും അഗാധമായ അപമാനം സൃഷ്ടിക്കട്ടെ. ഗാന്ധിജി എന്നും അനശ്വരനായി തുടരട്ടെ(ഗാന്ധിജി അമർ രഹേ).'
#NathuramGodse was a coward, a terrorist, an RSS loser and a murderer. May his memory and name always make us as Indians feel deeply ashamed. Gandhiji Amar Rahe.
— Siddharth (@Actor_Siddharth) January 30, 2021