ന്യൂഡൽഹി: ബിറ്റ്‌കോയിൻ ഉൾപ്പെടെയുള്ള ഡിജിറ്റൽ/ക്രിപ്‌റ്റോകറൻസികളെ നിരോധിക്കാൻ പുതിയ നിയമം കേന്ദ്രസർക്കാർ ആലോചിക്കുന്നു. റിസർവ് ബാങ്ക് പുറത്തിറക്കുന്ന ഇന്ത്യയുടെ സ്വന്തം (ഔദ്യോഗിക) ക്രിപ്‌റ്റോകറൻസിയുടെ രൂപീകരണത്തിന് വഴിയൊരുക്കുകയും ഇതിന്റെ ലക്ഷ്യമാണ്.
കമ്പ്യൂട്ടറുകൾ കോഡുകളാൽ (പ്രോഗ്രാംസ്) നിർമ്മിതമായ സാങ്കല്‌പിക നാണയങ്ങളാണ് ക്രിപ്‌റ്റോകറൻസികൾ അഥവാ വിർച്വൽ കറൻസികൾ. അമേരിക്കയിലും യൂറോപ്പിലും ചൈനയടക്കം ചില ഏഷ്യൻ രാജ്യങ്ങളിലും ഇവയ്ക്ക് മികച്ച നിക്ഷേപമാർഗമെന്ന നിലയിൽ വൻ പ്രചാരമുണ്ട്. ഒട്ടേറെ ക്രിപ്‌റ്റോകറൻസികൾ ഉണ്ടെങ്കിലും ബിറ്റ്‌കോയിനാണ് ഏറെ സ്വീകാര്യതയുള്ളത്. ഏതാനും വർഷം മുമ്പ് 10,000 ഡോളറിൽ താഴെയായിരുന്ന ബിറ്റ്‌കോയിൻ മൂല്യം കൊവിഡ് കാലത്ത് 40,000 ഡോളറിനുമേൽ എത്തിയിരുന്നു.
ചില രാജ്യങ്ങൾ ക്രിപ്‌റ്റോകറൻസികൾ ഉപയോഗിച്ചുള്ള ഉത്‌പന്ന/സേവന പർച്ചേസുകൾക്കും അംഗീകാരം നൽകിയിട്ടുണ്ട്. എന്നാൽ, കമ്പ്യൂട്ടർ കോഡുകൾ ആയതിനാൽ ഹാക്കിംഗ് ഉൾപ്പെടെയുള്ള സുരക്ഷാപ്രശ്‌നം ഉണ്ടാകാൻ സാദ്ധ്യതയുണ്ടെന്ന് കാട്ടി 2018 ഏപ്രിലിൽ എല്ലാ ക്രിപ്‌റ്റോകറൻസികൾക്കും റിസർവ് ബാങ്ക് നിരോധം ഏർപ്പെടുത്തി. ക്രിപ്‌റ്റോകറൻസികൾ ആരുടെയും നിയന്ത്രണത്തിലല്ലെന്നതും റിസർവ് ബാങ്ക് ഇതിനായി ചൂണ്ടിക്കാട്ടി.
എന്നാൽ, കഴിഞ്ഞ മാർച്ചിൽ സുപ്രീം കോടതി നിരോധനം നീക്കി. കറൻസി എക്‌സ്‌ചേഞ്ച്, വ്യാപാര ഇടപാടുകളിൽ ബാങ്കുകൾക്ക് ഇവ ഉപയോഗിക്കാമെന്നും കോടതി പറഞ്ഞിരുന്നു. അതേസമയം, സ്വകാര്യ ക്രിപ്‌റ്റോകറൻസികളെ അകറ്റിനിറുത്താൻ തന്നെയാണ് കേന്ദ്രം ഉദ്ദേശിക്കുന്നത്. ഇതിന്റെ ഭാഗമായാണ് പുതിയ നിയമവും പരിഗണിക്കുന്നത്.