ചെന്നൈ: അന്തരിച്ച എ.ഐ.എ.ഡി.എം.കെ നേതാക്കളായ ജയലളിത, എം.ജി.ആർ എന്നിവരുടെ സ്മരണയ്ക്കായി നിർമ്മിച്ച ക്ഷേത്രം മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയും ഉപമുഖ്യമന്ത്രി ഒ.പനീർസെൽവവും ചേർന്ന് തുറന്നുനൽകി. തിരുമംഗലത്തിനടുത്തുള്ള കുന്നത്തൂരിൽ 12 ഏക്കർ സ്ഥലത്ത് 50 ലക്ഷം രൂപ ചെലവിലാണ് ക്ഷേത്രം നിർമിച്ചിരിക്കുന്നത്. ക്ഷേത്രത്തിൽ ഇരുവരുടെയും പൂർണകായ ചെമ്പ് പ്രതിമയും സ്ഥാപിച്ചിട്ടുണ്ട്.
എ.ഐ.എ.ഡി.എം.കെ. സന്നദ്ധ സേവന വിഭാഗമായ 'അമ്മ പേരവൈ' സെക്രട്ടറി കൂടിയായ റവന്യൂ മന്ത്രി ആർ.ബി ഉദയകുമാർ മുൻകൈ എടുത്താണ് ക്ഷേത്രം നിർമിച്ചത്.
ജയലളിതയുടെ മരണത്തിന് ശേഷമുള്ള ആദ്യ നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് ക്ഷേത്രത്തിന്റെ ഉദ്ഘാടനം. അമ്മയുടെ സർക്കാർ തുടരുന്നതിന് വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയിക്കാനായി പ്രവർത്തിക്കണമെന്ന് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി പ്രവർത്തകരോട് ആവശ്യപ്പെട്ടു.