ന്യൂഡൽഹി: കൊവിഡ് കാലത്ത് സമ്പദ്‌പ്രവർത്തനങ്ങൾ തളർന്നതോടെ കേന്ദ്രത്തിന്റെ കടബാദ്ധ്യത കുതിച്ചുകയറുന്നു. നടപ്പുസാമ്പത്തിക വർഷം (2020-21) ഏപ്രിൽ-ഡിസംബറിൽ കേന്ദ്ര ധനക്കമ്മി 11.58 ലക്ഷം കോടി രൂപയാണ്. നടപ്പു ബഡ്‌ജറ്റിൽ ലക്ഷ്യമിട്ടതിന്റെ 145.5 ശതമാനമാണിത്. 2019-20ലെ സമാനകാലത്ത് ധനക്കമ്മി 132.4 ശതമാനമായിരുന്നുവെന്ന് കൺട്രോളർ ജനറൽ ഒഫ് അക്കൗണ്ട്‌സിന്റെ (സി.ജി.എ) കണക്ക് വ്യക്തമാക്കുന്നു.
ജി.ഡി.പിയുടെ 3.5 ശതമാനമാണ് നടപ്പുവർഷത്തെ ബഡ്‌ജറ്റിൽ കേന്ദ്രം ലക്ഷ്യമിടുന്ന ധനക്കമ്മി. അതായത്, 7.96 ലക്ഷം കോടി രൂപ. എന്നാൽ, അവസാനത്രൈമാസം (ജനുവരി-മാർച്ച്) ശേഷിക്കേതന്നെ ധനക്കമ്മി 145 ശതമാനം കടന്നുയർന്നു. മാർച്ചോടെ ധനക്കമ്മി, ജി.ഡി.പിയുടെ 7.5 ശതമാനം വരെ ഉയർന്നേക്കാമെന്നും വിലയിരുത്തപ്പെടുന്നു.
ഏപ്രിൽ-ഡിസംബറിൽ 22.80 ലക്ഷം കോടി രൂപയാണ് കേന്ദ്രത്തിന്റെ ചെലവ്. വരുമാനം 11.21 ലക്ഷം കോടി രൂപയും. വരുമാനത്തിൽ 9.62 ലക്ഷം കോടി രൂപയാണ് നികുതിയിലൂടെ ലഭിച്ചത്. 1.26 ലക്ഷം കോടി രൂപ നികുതിയേതര വരുമാനവും 33,098 കോടി രൂപ കടപ്പത്രേതര മാർഗങ്ങളിലൂടെയുമാണ്. വായ്‌പാത്തിരിച്ചടവ്, പൊതുമേഖലാ ഓഹരി വിറ്റൊഴിയൽ എന്നിവയിലൂടെയാണ് 33,098 കോടി രൂപ നേടിയത്.
ജി.ഡി.പി വളർച്ച
വെട്ടിക്കുറച്ചു
2019-20ലെ സാമ്പത്തിക വളർച്ച കേന്ദ്രം നേരത്തേ വിലയിരുത്തിയ 4.2 ശതമാനത്തിൽ നിന്ന് 4 ശതമാനമായി വെട്ടിക്കുറച്ചു. മാനുഫാക്‌ചറിംഗ്, കൺസ്‌ട്രക്‌ഷൻ എന്നിവയുടെ തളർച്ചയാണ് കാരണം. 6.5 ശതമാനമായിരുന്നു 2018-19ലെ ജി.ഡി.പി വളർച്ച. ജി.ഡി.പി മൂല്യം 2018-19ലെ 140.03 ലക്ഷം കോടി രൂപയിൽ നിന്ന് 145.69 ലക്ഷം കോടി രൂപയായാണ് ഉയർന്നത്.