table-tennis

തിരുവനന്തപുരം: കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന സംസ്ഥാന ടേബിൾ ടെന്നിസ് ചാമ്പ്യൻഷിപ്പിൽ പുരുഷ വിഭാഗത്തിൽ എറണാകുളത്തിന്റെ ഗോവിന്ദ് അനൂപും വനിതാ വിഭാഗത്തിൽ കോഴിക്കോടിന്റെ കാവ്യ ജയന്തും ചാമ്പ്യൻമാരായി. കോഴിക്കോടിന്റെ മുഹമ്മദ് സാഹിലിനെ വീഴ്ത്തിയാണ് ഗോവിന്ദ് ചാമ്പ്യനായത്.

ആലപ്പുഴക്കാരി ജി. അഭയയെ തോൽപ്പിച്ചാണ് കാവ്യ കിരീടത്തിൽ മുത്തമിട്ടത്. അതേസമയം യൂത്ത് പെൺകുട്ടികളിൽ അഭയ നാട്ടുകാരി തന്നെയായ റീനു ബൈജുവിനെ വീഴ്‌ത്തി കിരീടം സ്വന്തമാക്കി. യൂത്ത് ആൺകുട്ടികളുടെ ഫൈനലിൽ ഗോവിന്ദിനെ വീഴ്‌ത്തി മുഹമ്മദ് സാഹിൽ പകരം വീട്ടി. വെറ്റ്‌റൻസ് 40 വയസിന് മുകളിലുള്ളവരുടെ കലാശപ്പോരിൽ കൊല്ലത്തിന്റെ അനിൽ ശിവപ്രസാദ് തിരുവനന്തപുരത്തിന്റെ രഞ്ജിത്ത് രവിയെ തോൽപ്പിച്ച് ചാമ്പ്യൻപട്ടം സ്വന്തമാക്കി. 50 വയസിന് മുകളിലുള്ളവരിൽ കോട്ടയത്തിന്റെ ആർ. ശങ്കരഅയ്യർ കോഴിക്കോടിന്റെ ഹേമചന്ദ്രനെ തോൽപ്പിച്ച് കിരീടം നേടി.