ന്യൂഡൽഹി: രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട ആഭ്യന്തര ക്രിക്കറ്റ് ടൂർണമെന്റായ രഞ്ജി ട്രോഫി ഇത്തവണയില്ലെന്ന് ഉറപ്പായി. 2020-21 സീസണിൽ രഞ്ജി ട്രോഫി ടൂർണമെന്റ് നടത്തുന്നില്ലെന്ന് ബി.സി.സി.ഐ ഇന്നലെയാണ് ഔദ്യോഗികമായി അറിയിച്ചത്. രഞ്ജി ട്രോഫിയുടെ 87വർഷത്തെ ചരിത്രത്തിൽ ടൂർണമെന്റ് നടക്കാത്ത ആദ്യസീസണാണ് ഇത്.
രഞ്ജിക്ക് പകരം വിജയ് ഹസാരെ ട്രോഫി ടൂർണമെന്റുമായി മുന്നോട്ട് പോകുമെന്ന് ബി.സി.സി.ഐ വ്യക്തമാക്കി. ദേശീയ വനിതാ ക്രിക്കറ്റ് ചാമ്പ്യൻഷിപ്പും അണ്ടർ 19 വിനു മങ്കാദ് ട്രോഫിയും നടത്തും.
കൊവിഡ് പ്രതിസന്ധിയെത്തുടർന്നാണ് രഞ്ജി ട്രോഫി മത്സരങ്ങൾ ഈ സീസണിൽ നീട്ടിവയ്ക്കുകയും ഇപ്പോൾ ഉപേക്ഷിക്കുകയും ചെയ്തത്. സീസൺ ഇത്രയും വൈകിയതിനാൽ രണ്ട് ഘട്ടങ്ങളായി നടത്തുകയെന്ന ഒരു വഴിമാത്രമേ ബി.സി.ഐക്ക് മുന്നിലുണ്ടിയിരുന്നുള്ളൂ. എന്നാൽ ഇതിന് ചെലവ് വളരെയേറും എന്നതിനാലാണ് രഞ്ജി ടൂർണമെന്റ് ഉപേക്ഷിക്കേണ്ടി വന്നതെന്ന് ബി.സി.സി.ഐ സെക്രട്ടറി ജയ് ഷാ പറഞ്ഞു. വിജയ് ഹസാരെ ട്രോഫി അടുത്ത മാസം ആരംഭിക്കും.
സയിദ് മുഷ്താഖ് അലി ട്രോഫി ട്വന്റി-20 ടൂർണമെന്റ് നിലവിൽ വിജയകരമായാണ് സംഘടിപ്പിക്കുന്നത്. കൊവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ മത്സരങ്ങൾ നിറുത്തി വച്ചതിന് ശേഷം തുടങ്ങിയ ആദ്യ ആഭ്യന്തര ടൂർണമെന്റാണ് സയിദ് മുഷ്താഖ് അലി ട്രോഫി.