modi

മഹാത്മാ ഗാന്ധി കൊല്ലപ്പെട്ട ദിനം ഓർത്തെടുത്ത് മുതിർന്ന കമ്യൂണിസ്റ്റ് നേതാവായ എംഎം ലോറൻസ്. ഒരു രാത്രി, തന്റെ അയൽവാസിയായ വാസു പറഞ്ഞാണ് താൻ ഇക്കാര്യം അറിയുന്നതെന്നും ആ രാത്രി തനിക്ക് ഉറങ്ങാൻ കഴിഞ്ഞില്ലെന്നും എംഎം ലോറൻസ് തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ പറയുന്നുണ്ട്. തന്റെ കുറിപ്പിലൂടെ വലത് സംഘടനായ ആർഎസ്എസിനെയും കമ്യൂണിസ്റ്റ് നേതാവ് രൂക്ഷമായി വിമർശിക്കുന്നുണ്ട്. ആർഎസ്എസ് ഗോഡ്‌സെയുടെ പ്രതിമയുണ്ടാക്കി ആരാധിക്കുകയാണെന്നും ഗാന്ധിയെ പ്രതീകാത്മകമായി വെടിവെച്ച സന്യാസിനി വേഷമണിഞ്ഞ ആർഎസ്എസുകാരി ബിജെപിയുടെ എംപിയാണെന്നും അദ്ദേഹം വിമർശിക്കുന്നു.

കുറിപ്പ് ചുവടെ:

'1948 ജനുവരി 30 രാത്രി എനിക്ക് ഉറങ്ങാൻ കഴിഞ്ഞില്ല. രാത്രി എട്ട് മണിയോടെ വീടിന് അടുത്തു താമസിക്കുന്ന വാസു എന്നോട് "ഗാന്ധിജി വെടിയേറ്റു മരിച്ചു" എന്ന് പറഞ്ഞു.

(വാസു എന്റെ സുഹൃത്തും സമപ്രായക്കാരനുമായിരുന്നു. വാസുവിന്റെ കുടുംബം ഞങ്ങളുടെ കുടികിടപ്പായാണ് എന്റെ വീടിനടുത്തു താമസിച്ചിരുന്നത്. എന്റെ അമ്മയ്ക്ക് ചിക്കൻപോക്‌സ് രോഗം പിടിപെട്ട ഘട്ടത്തിൽ കുഞ്ഞായിരുന്ന ഞാൻ, വാസുവിന്റെ അമ്മ, ഇട്ടിപെണ്ണിന്റെ മുലപ്പാൽ ആണ് കുടിച്ചത് എന്ന് എന്റെ അമ്മ എന്നോട് പറയുമായിരുന്നു.)
'എന്തിനാണ് ഗാന്ധിയെ കൊന്നത്? ഗാന്ധി എന്ത് തെറ്റ് ചെയ്തു? അക്രമരാഹിത്യവും അഹിംസയും പാലിച്ചിരുന്ന ഗാന്ധിയെ കൊല്ലാൻ ആർക്ക്, എങ്ങനെ മനസ് വന്നു? ' എന്നിങ്ങനെയുള്ള ചോദ്യങ്ങൾ മനസിൽ തികട്ടിത്തികട്ടി വന്നു കൊണ്ടിരുന്നു.

mm-lawrence

സായുധ വിപ്ലവത്തെ കമ്മ്യൂണിസ്റ്റ് പാർട്ടി അംഗീകരിക്കുന്ന കാലഘട്ടമായിരുന്നു അത്. ഗാന്ധിയുടെ അഹിംസാ സിദ്ധാന്തത്തോട് യോജിപ്പുണ്ടായിരുന്നില്ല. ഹിന്ദു -മുസ്ലിം ഐക്യം, ബ്രിട്ടീഷ്കർക്കെതിരെ വിട്ടു വീഴ്ചയില്ലാതെ നടത്തിയ ത്യാഗപൂർണ്ണമായ പോരാട്ടങ്ങൾ എന്നിവയിൽ അദ്ദേഹത്തോടുള്ള ആദരവും സ്നേഹവും ഇന്ത്യയെ സ്നേഹിക്കുന്ന എല്ലാവർക്കും എന്നും ഉണ്ടാകും. ബ്രിട്ടീഷ്കാരെ കെട്ടുകെട്ടിക്കണമെങ്കിൽ ഹിന്ദു - മുസ്ലിം ഐക്യം കൂടിയേ തീരൂ എന്ന് ഗാന്ധിക്ക് അറിയാമായിരുന്നു.

അധികം താമസിയാതെ കൊന്നത് ഗോഡ്സെയാണെന്നും അയാൾ ആർ എസ് എസ് പ്രവർത്തകൻ ആയിരുന്നു എന്നും അറിയാൻ കഴിഞ്ഞു. ആർ എസ്സ് എസ്സ് ഒരുകാലത്തും സ്വതന്ത്ര സമരത്തെ പിന്താങ്ങിയിരുന്നില്ല. വലിയ ഏതോ ധീരകൃത്യം ചെയ്ത നിലയിൽ ആണ് ഗോഡ്സെ താൻ ചെയ്ത ഗാന്ധി വധത്തെ കണ്ടത്.
പിന്നീട് ഇങ്ങോട്ട് ഇന്നുവരെ ആർ എസ് എസ്, ഗാന്ധി വധത്തെ കുറ്റപ്പെടുത്തിയതായി ആരും കേട്ടിട്ടില്ല. എന്നാൽ ഗാന്ധിയെ കൊല്ലുന്ന വേളയിൽ മാത്രം ഗോഡ്സെ ആർ എസ് എസുകാരൻ ആയിരുന്നില്ല എന്ന ശോഷിച്ച വാദം മാത്രമാണ് അവരിൽ നിന്നും കേട്ടിട്ടുള്ളത്. ഗോഡ്സേയുടെ പ്രതിമ ഉണ്ടാക്കുകയും ആർ എസ് എസ് അതിനെ ആരാധിക്കുകയുമാണ്. ഗാന്ധിയെ പ്രതീകാത്മകമായി വെടിവെച്ച സന്യാസിനി വേഷമണിഞ്ഞ ആർ എസ് സുകാരി ഇപ്പോൾ ബിജെപിയുടെ എംപിയാണ്.

ആർ എസ് എസ് നേതാവും ഇന്ത്യൻ പ്രധാനമന്ത്രിയുമായ നരേന്ദ്രമോഡി ഗാന്ധിയെ ആരാധിക്കുന്നതായി ലോക രാഷ്ട്രങ്ങൾക്ക് മുന്നിൽ പ്രദർശിപ്പിക്കുന്നുണ്ട്. ഗാന്ധിക്ക് ഇന്ത്യൻ ജനതയിൽ ഉള്ള സ്വാധീനം ഇന്നും വലിയ അളവിൽ ഉള്ള വസ്തുത മനസിലാക്കുന്നത് കൊണ്ടാണ് മോഡി ഈ പുകഴ്ത്തൽ നടത്തുന്നത്.'