ബാംബോലി: ഐ.എസ്.എല്ലിൽ ഇന്നലെ നടന്ന മത്സരത്തിൽ കരുത്തരും പോയിന്റ് ടേബിളിലെ ഒന്നാം സ്ഥാനക്കാരുമായ മുംബയ് സിറ്റി എഫ്.സിയെ 2-1ന് കീഴടക്കി നോർത്ത് ഈസ്റ്റ് യുണൈറ്റഡ് അപ്രതീക്ഷിത വിജയക്കുതിപ്പ് തുടരുന്നു. ടൂർണമെന്റിലെ തുടർച്ചയായ മൂന്നാം ജയവുമായി നാലാം സ്ഥാനത്തെത്തി പ്ലേ ഓഫ് പ്രതീക്ഷകൾ സജീവമാക്കാനും നോർത്ത് ഈസ്റ്റിനായി. കഴിഞ്ഞ രണ്ട് മത്സരങ്ങളിലും 2-1ന് തന്നെയായിരുന്നു നോർത്ത് ഈസ്റ്റ് വിജയം നേടിയത്. നോർത്ത് ഈസ്റ്റിനിപ്പോൾ 21 പോയിന്റാണുള്ളത്. തോറ്റെങ്കിലും 30 പോയിന്റുള്ള മുംബയ് തന്നെയാണ് ഒന്നാം സ്ഥാനത്ത്.
മത്സരത്തിൽ മുംബയ്ക്കായിരുന്നു ആധിപത്യമെങ്കിലും ആദ്യ പത്ത് മിനിട്ടിനിടെ വഴങ്ങിയ രണ്ട് ഗോളുകൾ അവരെ പ്രതിസന്ധിയിലാക്കുകയായിരുന്നു.
ജനുവരി ട്രാൻസ്ഫർ വിൻഡോയിലൂടെ ടീമിലെത്തിയ ഡെഷോൺ ബ്രൗണാണ് ഇരട്ടഗോളുമായി നോർത്ത് ഈസ്റ്റിന്റെ വിജയ ശില്പിയായത്. ബ്രൗൺ തന്നെയാണ് കളിയിലെ കേമൻ. ബ്രൗൺ ടീമിലെത്തിയതോടെയാണ് നോർത്ത് ഈസ്റ്റ് വിജയക്കുതിപ്പ് തുടങ്ങിയത്.
തുടക്കം മുതൽ മുംബയ് ആധിപത്യത്തോടെ കളിച്ചെങ്കിലും മനോഹരമായ പ്രസിംഗ് ഗെയിമിലൂടെ നോർത്ത് ഈസ്റ്റ് അവരെ ഞെട്ടിക്കുകയായിരുന്നു. ആറാം മിനിട്ടിലാണ് ബ്രൗൺ മുംബയ് വലയിൽ ആദ്യ ഗോൾ എത്തിച്ചത്.
നോർത്ത് ഈസ്റ്റിന്റെ മുന്നേറ്റ താരം മഷാഡോ തൊടുത്ത ഷോട്ട് മുംബയ് ഗോളി അമരീന്ദർ തട്ടിയകറ്റിയെങ്കിലും പന്ത് നേരെയെത്തിയത് ഡോർജിയുടെ കാലിലേക്കാണ്. ഡോർജി മികച്ച ക്രോസിലൂടെ പന്ത് ബ്രൗണിലേക്കെത്തിച്ചു. പന്ത് സ്വീകരിച്ച ബ്രൗൺ മനോഹരമായി അത് വലയ്ക്കകത്താക്കി.
തൊട്ടുപിന്നാലെ പത്താം മിനിട്ടിൽ ബ്രൗൺ വീണ്ടും ലക്ഷ്യം കണ്ടു.ഗയ്യെഗോ എടുത്ത കോർണർ കിക്ക് ചില ടച്ചുകൾക്ക് ശേഷം നേരെയെത്തിയത് ഗോൾമുഖത്തുണ്ടായിരുന്ന ബ്രൗണിന്റെ അടുത്താണ്. ബ്രൗൺ തൊടുത്ത തകർപ്പൻ ക്ലോസ് റേഞ്ച് ഷോട്ടിന് അമരീന്ദറിന് മറുപടിയുണ്ടായിരുന്നില്ല.
തുടർന്ന് മുംബയ് ആക്രമണം കടുപ്പിച്ചെങ്കിലും നോർത്ത് ഈസ്റ്റ് പ്രതിരോധത്തിൽ ഉണർന്നു. 85-ാം മിനിട്ടിൽ ആദം ലേ ഫോൺഡ്രെ എണ്ണം പറഞ്ഞൊരു പ്ലെയിസിംഗിലൂടെ മുംബയ്ക്കായി ഒരു ഗോൾ നേടി. തുടർന്ന് മുംബയ് സമനിലയ്ക്കായി കിണഞ്ഞ് ശ്രമിച്ചെങ്കിലും നോർത്ത് ഈസ്റ്റിന്റെ വലകുലുക്കാനായില്ല.
ഗോകുലത്തിന്
സമനില
കൊൽക്കത്ത: ഐ ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ ഗോകുലം കേരള എഫ്.സിയും റയൽ കാശ്മീരും ഗോൾ രഹിത സമനിലയിൽ പിരിഞ്ഞു. ബംഗാളിലെ കല്യാണി സ്റ്റേഡിയത്തിലാണ് മത്സരം നടന്നത്. പോയിന്റ് ടേബിളിൽ ഗോകുലം നാലാമതും കാശ്മീർ അഞ്ചാമതുമാണ്.