kk-

ന്യൂഡൽഹി : കേന്ദ്രസർക്കാരിന്റെ കാർഷിക നിയമങ്ങൾക്ക് എതിരെ സമാധാനപരമായുള്ള സമരത്തിന് ആഹ്വാനം ചെയ്ത് കർഷക നേതാക്കൾ. പ്രക്ഷോഭം സമാധാനപരമല്ലെങ്കിൽ ജയിക്കുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയായിരിക്കുമെന്നും അതിനാൽ പ്രതിഷേധം സമാധാന പൂർവമായിരിക്കണമെന്നും ഭാരതീയ കിസാൻ യൂണിയൻ അധ്യക്ഷൻ ബൽബീർ സിംഗ് രജേവാൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കേന്ദ്ര സർക്കാർ കർഷകരെ അപകീർത്തിപ്പെടുത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു.

പ്രക്ഷോഭം നടക്കുന്നതിനിടെ സർക്കാർ ഇന്റർനെറ്റ് സേവനങ്ങൾ വിച്ഛേദിച്ചു. സർക്കാർ കർഷകരുടെ പ്രതിച്ഛായയ്ക്ക് കളങ്കമേൽപ്പിക്കാനാണ് ശ്രമിക്കുന്നത്. സമാധനപൂർവം പ്രതിഷേധിക്കാൻ ഞാൻ മുഴുവൻ കർഷകരോടും അഭ്യർത്ഥിക്കുകയാണ്. പ്രതിഷേധം സമാധാനപരമല്ലെങ്കിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് വിജയിക്കുക. ആരെങ്കിലും പ്രേരിപ്പിച്ചാൽ പോലും ഒന്നും ചെയ്യരുത്. നമ്മൾ യുദ്ധത്തിനല്ല പോകുന്നതെന്ന കാര്യം മനസ്സിലുണ്ടാകണം. ഇത് നമ്മുടെ രാജ്യവും നമ്മുടെ സർക്കാറുമാണെന്നും 'രജേവാൾ പറഞ്ഞു.

അതേസമയം കാർഷിക നിയമങ്ങള്‍ക്കെതിരെ റിപ്പബ്ലിക് ദിനത്തില്‍ ഡല്‍ഹിയില്‍ നടന്ന ട്രാക്ടര്‍ റാലിയുമായി ബന്ധപ്പെട്ട് ഡല്‍ഹി പൊലീസ് 38 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. അന്വേഷണവുമായി ബന്ധപ്പെട്ട് 84 പേരെ അറസ്റ്റ് ചെയ്തു.

ജനുവരി 26ന് നടന്ന പ്രക്ഷോഭത്തിന് നേതൃത്വം നല്‍കിയ 13-ലധികം കര്‍ഷക നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും നോട്ടീസ് നല്‍കിയിട്ടുണ്ട്. ഭാരതീയ കിസാന്‍ യൂണിയന്‍ (ബി.കെ.യു) നേതാവ് രാകേഷ് ടിക്കായത്ത്, സ്വരാജ് ഇന്ത്യ മേധാവി യോഗേന്ദ്ര യാദവ്, മേധ പട്കര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്.