ലണ്ടൻ: ഇംഗ്ലീഷ് പ്രിമിയർ ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ അവസാന സ്ഥാനത്തുള്ള ഷെഫീൽഡ് യുണൈറ്റഡിനെതിരെ നിർണായക ജയം നേടി മാഞ്ചസ്റ്റർസിറ്റി ഒന്നാം സ്ഥാനത്ത് തുടരുന്നു. 9-ാം മിനിട്ടിൽ ഗബ്രിയേൽ ജീസസ് നേടിയ ഗോളാണ് സിറ്റിക്ക് വിജയമൊരുക്കിയത്.
മത്സരത്തിൽ സിറ്റിക്ക് വ്യക്തമായ ആധിപത്യമുണ്ടായിരുന്നെങ്കിലും പിന്നിട് വലകുലുക്കാൻ അവർക്കായില്ല. 20 മത്സരങ്ങൾ കളിച്ചു കഴിഞ്ഞ സിറ്റി 44 പോയിന്റുമായി ഒന്നാം സ്ഥാനത്ത് തുടരുകയാണ്. 21 മത്സരങ്ങൾ പൂർത്തിയാക്കിയ ഷെഫീൽഡ് 8 പോയിന്റുമായി അവസാന സ്ഥാനമായ 20ലാണ്.
മറ്റൊരു മത്സരത്തിൽ എവർട്ടണെ ന്യൂകാസിൽ മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്ക് കീഴടക്കി ഞെട്ടിച്ചു.
ഇരട്ട ഗോളുമായി തിളങ്ങിയ കല്ലും വിൽസണാണ് ന്യൂകാസിലിന്റെ വിജയ ശില്പി. ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം 73, 93 മിനിട്ടുകളിൽ വിൽസൺ നേടിയ ഗോളിലൂടെയാണ് ന്യൂകാസിൽ ജയം പിടിച്ചെടുത്തത്.
ലെവന്റെ രണ്ടടിയിൽ റയൽ വിറച്ചു
മാഡ്രിഡ് : സ്പാനിഷ് ലാലിഗയിൽ ലെവന്റെ റയൽ മാഡ്രിഡിനെ അട്ടിമറിച്ചു. ഒരു ഗോളിന് പിന്നിൽ നിന്ന ശേഷമാണ് രണ്ട് ഗോൾ തിരിച്ചടിച്ച് ലെവന്റെ റയലിനെ വിറപ്പിച്ചത്. 9-ാം മിനിട്ടിൽ ഏഡർ മിലിറ്റൊ ചുവപ്പ് കാർഡ് കണ്ട് പുറത്തായതിനെത്തുടർന്ന് പത്ത് പേരുമായി കളിക്കേണ്ടി വന്നതും റയലിന് തിരിച്ചടിയായി.
പതിമ്മൂന്നാം മിനിട്ടിൽ മാർക്കോ അസെൻസിയോ നേടിയ ഗോളിൽ റയൽ ലീഡെടുത്തു. എന്നാൽ 32-ാം മിനിട്ടിൽ നൊഗാലസിലൂടെ ലെവന്റെ ഒപ്പമെത്തി. 78-ാം മിനിട്ടിൽ റോജർ മാർട്ടിയാണ് ലെവന്റെയുടെ വിജയഗോൾ നേടിയത്. 20 മത്സരങ്ങളിൽ നിന്ന് 40 പോയിന്റുമായി റയൽ രണ്ടാം സ്ഥാനത്താണ്. 47 പോയിന്റുമായി അത്ലറ്റിക്കോ മാഡ്രിഡാണ് ഒന്നാമത്. ലെവന്റെ നിലവിൽ ഒമ്പതാമതാണ്.