nanchiyamma

'അയ്യപ്പനും കോശിയും' എന്ന പൃഥ്വിരാജ്-ബിജുമേനോൻ ചിത്രത്തിലൂടെയാണ് ആദിവാസി ഗായികയായ നഞ്ചിയമ്മ മുഖ്യധാരയിൽ പ്രശസ്തി നേടുന്നത്. സിനിമയിലെ 'കലക്കാത്ത' എന്ന ഗാനം പാടിയ നഞ്ചിയമ്മ, ചിത്രത്തിൽ ഒരു ചെറിയ വേഷത്തിൽ പ്രത്യക്ഷപ്പെടുകയും ചെയ്തിരുന്നു. പാട്ട് ഹിറ്റായി മാറിയതോടെ നഞ്ചിയമ്മയെയും അവരുടെ ശബ്ദത്തെയും മലയാളികൾ ഏറ്റെടുക്കുകയായിരുന്നു.

എന്നാൽ സിനിമയിലൂടെ പ്രശസ്തയായതോടെ താൻ മുമ്പ് ചെയ്തിരുന്ന തൊഴിലുറപ്പ് പോകാൻ സാധിക്കാതെയായി എന്നും അത് കാരണം സിനിമയിൽ അഭിനയിക്കാൻ പോകുമ്പോൾ താൻ അതിലൂടെ കിട്ടുന്ന പ്രതിഫലം കണക്ക് പറഞ്ഞ് വാങ്ങാൻ തുടങ്ങിയെന്നും നഞ്ചിയമ്മ പറയുന്നു. ഒരു മലയാളം മാസികയ്ക്ക് നൽകിയ അഭിമുഖത്തിലാണ് അവർ ഇക്കാര്യം പറഞ്ഞത്.

'സിനിമയിൽ കണ്ടതിനു ശേഷം അവരെന്നെ ജോലിക്കെടുക്കാതെയായി. നീ പണിയെടുത്താൽ ഞങ്ങളെ പഞ്ചായത്തിൽ ചീത്ത പറയുമെന്നാണ് അവർ പറയുക. അങ്ങനെ ആ പണിയും പോയി. പരിപാടിക്ക് പോവുമ്പോള്‍ കിട്ടുന്ന തുക ചെലവിനെടുക്കും. ആ കിട്ടുന്ന പൈസക്കുളള സാധനങ്ങള്‍ വാങ്ങും. അരി ഗവണ്‍മെന്റ് തരും. എന്നാലും ബാക്കി സാധനങ്ങള്‍ വാങ്ങണ്ടേ?'-നഞ്ചിയമ്മ ചോദിക്കുന്നു.

ഇപ്പോൾ സിനിമയിൽ അഭിനയിക്കാനായി പോകുമ്പോൾ തനിക്ക് ആവശ്യമായുള്ള പണം വേണമെന്ന് പറയുമെന്നും നഞ്ചിയമ്മ പറയുന്നു. പണിയെല്ലാം വിട്ട്, ആടിനെയും പശുവിനെയും നോക്കുന്നത് ഒഴിവാക്കി വേണം സിനിമയിൽ അഭിനയിക്കാൻ പോകേണ്ടതെന്നും കണക്ക് പറഞ്ഞ് പ്രതിഫലം വാങ്ങിയില്ലെങ്കിൽ ജീവിക്കാൻ സാധിക്കില്ലെന്നും അട്ടപ്പാടി സ്വദേശിയായ നഞ്ചിയമ്മ വ്യക്തമാക്കുന്നു.