തിരുവനന്തപുരം: സംസ്ഥാന അവാർഡ് സ്വീകരിക്കാനായി എത്തിയ ആൾക്ക് കൊവിഡ് സ്ഥിരീകരിച്ചതിനാലാണ് മുഖ്യമന്ത്രി പിണറായി വിജയൻ അവാർഡ് നേരിട്ട് നൽകാത്തതെന്ന് വിവരം. ഒരു മലയാള ഓൺലൈൻ വാർത്താ മാദ്ധ്യമമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. അവാർഡുകൾ വിതരണം ചെയ്യുന്നതിന് മുമ്പായി ചടങ്ങിൽ പങ്കെടുക്കുന്നവരിൽ ആന്റിജൻ പരിശോധന നടത്തിയിരുന്നു. തുടർന്ന് അവാർഡ് സ്വീകരിക്കാനായി എത്തിയ ഒരാളിൽ രോഗം കണ്ടത്തുകയും ചെയ്തു.
തുടർന്ന് മുഖ്യമന്ത്രി ചടങ്ങിൽ പങ്കെടുക്കില്ല എന്ന വാർത്ത പരക്കുകയും ചെയ്തു. എന്നാൽ, ഇതിനു പിന്നാലെ താൻ ചടങ്ങിനെത്തും എന്ന് മുഖ്യമന്ത്രി വ്യക്തമാക്കുകയായിരുന്നു. അവാര്‍ഡുകള്‍ നേരിട്ട് കൈമാറുന്നത് പ്രായോഗികമല്ലെന്ന കാര്യം മുഖ്യമന്ത്രി ഉദ്ഘാടന പ്രസംഗത്തില്‍ സൂചിപ്പിച്ചത് ഈ കൊവിഡ് ഭീഷണി മൂലമാണെന്നും വിവരമുണ്ട്.
തന്റെ സാന്നിദ്ധ്യത്തില്‍ അവാർഡുകൾ മേശമേൽ വയ്ക്കുകയും പുരസ്‌കാര ജേതാക്കള്‍ അവ സ്വീകരിക്കുകയും ചെയ്യുന്ന രീതിയില്‍ ചടങ്ങ് നടക്കട്ടെ എന്ന് അദ്ദേഹം അറിയിക്കുകയും ചെയ്തു. കൊവിഡ് രോഗം സ്ഥിരീകരിച്ചയാളെ നേരത്തെ തന്നെ ചടങ്ങിൽ നിന്നും ഒഴിവാക്കിയിരുന്നു.
അവാർഡ് മേശമേൽ വച്ച് വിതരണം ചെയ്തതിൽ സംസ്ഥാന സർക്കാരിനെ വിമർശിച്ചുകൊണ്ട് നിരവധി പേർ രംഗത്ത് വന്നിരുന്നു.
കൊവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ടുതന്നെ മുഖ്യമന്ത്രിക്ക് അവാർഡുകൾ വിതരണം ചെയ്യാമായിരുന്നുന്നും മേശമേൽ വച്ച് നൽകിയ നടപടി കലാകാരന്മാരെ അപമാനിക്കലാണെന്നുമാണ് നിർമാതാവ് സുരേഷ് കുമാർ പ്രതികരിച്ചത്. തുടർന്ന്, അഭിഭാഷകൻ ഹരീഷ് വാസുദേവൻ, കോൺഗ്രസ് എംഎൽഎ പിടി തോമസ് തുടങ്ങിയവർ സംസ്ഥാന സർക്കാരിന്റെ അവാർഡ്ദാന രീതിയെ വിമർശിച്ചുകൊണ്ട് രംഗത്തുവന്നിരുന്നു.