ആരോഗ്യത്തിനും രോഗപ്രതിരോധത്തിനും പോഷകങ്ങളുടെ അപര്യാപ്‌തത പരിഹരിക്കാനും ഇലക്കറികൾ കഴിക്കുന്നത് ഉത്തമമാണെന്ന് അറിയാമല്ലോ. എന്നാൽ ഇലകളുടെ പോഷകമൂല്യം കുറയാതെ കഴിക്കാൻ ചില മാർഗങ്ങളുണ്ട്. ഇലകൾ കറിയാക്കി കഴിക്കുന്നതിനേക്കൾ ആവിയിൽ വേവിക്കുന്ന പലഹാരങ്ങളിൽ ചേർത്ത് കഴിക്കുന്നത് ഗുണം കുറയാതിരിക്കാൻ സഹായിക്കും. പ്രമേഹം പോലുള്ള ജീവിതശൈലീരോഗങ്ങളെ നിയന്ത്രിക്കാൻ ഈ രീതി അത്യുത്തമമാണ്.
കൊടങ്ങൽ, മുരിങ്ങയില, പയർ ഇല, ചീരയില തുടങ്ങിയ ഇലകളെല്ലാം ഗോതമ്പ് മാവിൽ ചേർത്ത് പുട്ട് തയാറാക്കി കഴിക്കാം. ആവിയിൽ പുഴുങ്ങുന്ന റാഗിപ്പുട്ട്, ഇലയട, ഇഡ്ഡലി ഇവയിലൊക്കെ ഇലകൾ ചെറുതായരിഞ്ഞ് ചേർക്കാം. സൂചി ഗോതമ്പ് , റവ എന്നിവ കൊണ്ട് തയാറാക്കുന്ന ഉപ്പുമാവിലും ഇലകൾ ചേർക്കാവുന്നതാണ്. ഇലകൾ ചേർത്ത മാവ് ഉപയോഗിച്ച് ദോശ, ചപ്പാത്തി എന്നിവ തയാറാക്കുന്നതും നല്ലതാണ്. ഇലകൾ അരച്ച് റാഗിപ്പൊടിയിൽ ചേർത്ത് കുറുക്കി കഴിക്കുന്നതും മികച്ച ഭക്ഷണമാണ്.