കൊല്ലം: പ്രശസ്ത ഗായകൻ സോമദാസ്ചാത്തന്നൂർ (42) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. പാരിപ്പള്ളി മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. ഇന്ന് പുലർച്ചെ മൂന്നു മണിയോടെയായിരുന്നു മരണം.
കൊവിഡ് ബാധിച്ചതിനെ തുടർന്നാണ് സോമദാസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കഴിഞ്ഞ പരിശോധന ഫലം നെഗറ്റീവ് ആയിരുന്നു. തീവ്ര പരിചരണ വിഭാഗത്തിൽ നിന്ന് വാർഡിലേക്ക് മാറ്റാൻ ഇരിക്കെയാണ് ഹൃദയാഘാതം ഉണ്ടായത്.
കൊല്ലം ചാത്തന്നൂർ സ്വദേശിയാണ്. ഗാനമേള വേദികളിലൂടെയും റിയാലിറ്റി ഷോകളിലൂടെയും ശ്രദ്ധേയനായി. അണ്ണാറ കണ്ണനും തന്നാലായത്, മിസ്റ്റർ പെർഫെക്ട്, മണ്ണാംകട്ടയും കരിയിലയും തുടങ്ങിയ സിനിമകളിൽ ഗാനങ്ങൾ ആലപിച്ചു.