ന്യൂഡൽഹി: ഇസ്രയേൽ എംബസിക്ക് സമീപം നടന്ന സ്‌ഫോടനത്തിന് ഉപയോഗിച്ചത് പി ഇ ടി എൻ എന്നറിയപ്പെടുന്ന സ്‌ഫോടക വസ്തു. ആഗോളതലത്തിൽ സൈനിക ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നതാണിത്. സ്‌ഫോടനം നടന്ന സ്ഥലത്തുനിന്ന് 9 വാട്ട് ബാറ്ററിയും കണ്ടെടുത്തിട്ടുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.
ഒരു മാസത്തിനിടെ ഡൽഹിയിലെത്തിയ ഇറാൻ സ്വദേശികളുടെ വിവരങ്ങൾ അന്വേഷണസംഘം ശേഖരിച്ചുവരികയാണ്. ഇന്നലെ ഇറാനിൽ നിന്നുള്ള ചിലരെ ചോദ്യം ചെയ്തിരുന്നു. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം 'ജെയ്ഷ് ഉൽ ഹിന്ദ്' എന്ന സംഘടന ഏറ്റെടുത്തുവെന്ന റിപ്പോർട്ടുണ്ടെങ്കിലും അന്വേഷണ ഏജൻസികൾ സ്ഥിരീകരിച്ചിട്ടില്ല. അതേസമയം പാരീസിലെ ഇസ്രയേൽ എംബസിക്ക് മുന്നിൽ നിന്ന് സ്‌ഫോടക വസ്തു കണ്ടെടുത്തു.
വെള്ളിയാഴ്ച വൈകിട്ടാണ് എ പി ജെ അബ്ദുൾ കലാം റോഡിലെ ഇസ്രയേൽ എംബസിക്ക് സമീപം സ്ഫോടനമുണ്ടായത്. സിസിടിവി ദൃശ്യങ്ങളിൽ ദുരൂഹമായി കണ്ട കാറും മുമ്പ് നടന്ന അക്രമണവും തമ്മിൽ ബന്ധമുണ്ടോയെന്നതും അന്വേഷണ സംഘം പരിശോധിക്കുകയാണ്.