farmers-protest

ന്യൂഡൽഹി: കാർഷിക മേഖലയിലെ പ്രശ്‌നങ്ങൾ പഠിക്കാൻ കേന്ദ്ര സർക്കാർ ഉന്നതാധികാര സമിതി രൂപികരിക്കും. കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമറിന്റെ നേതൃത്വത്തിലുള്ള സമിതിയിൽ കാർഷിക രംഗത്തെ വിദഗ്ദ്ധരും ഉണ്ടാകും.


അണ്ണ ഹസാരെ ഉന്നയിച്ച ആവശ്യങ്ങളെക്കുറിച്ചും, എംഎസ്പി ഉൾപ്പടെയുള്ള വിഷയങ്ങളും സമിതി പരിശോധിക്കും. ആറ് മാസത്തിനുള്ളിൽ സമിതി കേന്ദ്ര സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കും. അതേസമയം കർഷക സമരത്തിലേക്ക് കൂടുതൽ ആളുകൾ എത്താതിരിക്കാൻ അധികൃതർ നടപടികൾ കടുപ്പിച്ചിരിക്കുകയാണ്.

പ‌ഞ്ചാബ്,ഹരിയാന, ഉത്തരാഖണ്ഡ്, യുപി തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്ന് കൂടുതൽ കർഷകർ എത്തി തുടങ്ങിയതോടെ ഇന്ന് രാത്രി 11വരെ ഡൽഹി അതിർത്തിയിലെ സിംഘു, തിക്രി, ഗാസിപ്പൂർ കർഷക സമരകേന്ദ്രങ്ങളിൽ ഇന്റർനെറ്റ് സേവനം മരവിപ്പിച്ചു. പൊതുസുരക്ഷ മുൻനിറുത്തിയാണ് നടപടിയെന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചു. റിപ്പബ്ലിക് ദിനത്തിലെ സംഘർഷങ്ങൾക്ക് പിന്നാലെ ഹരിയാന അഞ്ചു ജില്ലകളിൽ മൊബൈൽ ഇന്റർനെറ്റ് സേവനം റദ്ദാക്കിയിരുന്നു. ഇത് പുനഃസ്ഥാപിച്ചിട്ടില്ല. ഗാസിപ്പൂരിലേക്കുള്ള കർഷക പ്രവാഹം തടയാനായി ദേശീയപാത 24 പൊലീസ് അടച്ചു.