തിരുവനന്തപുരം: കൈയിൽ നിന്നു പോയ പന്തെടുക്കാൻ റോഡിലേക്കോടിയ കുരുന്ന് അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്. സഹോദരന് സൈക്കിൾ വാങ്ങാൻ മാതാപിതാക്കൾക്കൊപ്പം എത്തിയ രണ്ടുവയസുകാരനാണ് പോറൽ പോലുമേൽക്കാതെ രക്ഷപ്പെട്ടത്. റോഡിന് നടുവിലേക്കെത്തിയ കുഞ്ഞിന്റെ രണ്ടുമീറ്റർ അകലെ ബസ് ബ്രേക്കിട്ട് നിന്നതാണ് വൻ ദുരന്തം ഒഴിവാക്കിയത്.
ഉദിയൻകുളങ്ങര ജംഗ്‌ഷന് സമീപം ഇന്നലെ വൈകിട്ട് അഞ്ചുമണിയോടെയാണ് സംഭവം നടന്നത്. ജംഗ്‌ഷന് സമീപത്തെ സൈക്കിൾ വിൽപ്പന കേന്ദ്രത്തിന് മുന്നിൽ നിൽക്കുകയായിരുന്നു നെയ്യാറ്റിൻകരയിൽ നിന്നുവന്ന കുടുംബം. കൈയിൽ നിന്നു പോയ പന്ത് വീണ്ടെടുക്കാനാണ് അപ്രതീക്ഷിതമായി കുഞ്ഞ് റോഡിലേക്ക് കടന്നത്. ഈ സമയം റോഡിലൂടെ വന്ന കെ എസ് ആർ ടി സി ഫാസ്റ്റ് ബ്രേക്കിട്ട് കുഞ്ഞിന്റെ രണ്ടു മീറ്റർ അകലെ വരെയെത്തി. എതിർദിശയിൽ നിന്ന് എത്തിയ ബൈക്കും നേരിയ വ്യത്യാസത്തിലാണ് കടന്നുപോയത്.