ചെന്നൈ:ഡി എം കെ നേതാവ് കനിമൊഴിക്കെതിരെ മോശം പരാമർശം നടത്തിയ ബി ജെ പി സംസ്ഥാന നിർവാഹക സമിതിയംഗം വി ഗോപീകൃഷ്ണനെതിരെ രൂക്ഷ വിമർശനവുമായി ഖുഷ്ബു. സ്ത്രീകളെ അപകീർത്തിപ്പെടുത്തുന്നവരെ രാഷ്‌ട്രീയം നോക്കാതെ എതിർക്കണമെന്ന് ഖുഷ്ബു വ്യക്തമാക്കി.
ട്വിറ്ററിലൂടെയായിരുന്നു ഖുഷ്ബുവിന്റെ പ്രതികരണം. 'കനിമൊഴി ഒരു സ്ത്രീയും ഭാര്യയും മകളും പാർലമെന്റേറിയനുമാണ്. അവർക്ക് അർഹിക്കുന്ന ബഹുമാനം കൊടുത്തേ തീരൂ.'-ഖുഷ്ബു ട്വീറ്റ് ചെയ്തു.
ക്ഷേത്രങ്ങളിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് കനിമൊഴി നടത്തിയ പ്രസ്താവനയ്‌ക്കെതിരെയായിരുന്നു ഗോപീകൃഷ്ണന്റെ വിവാദ പരാമർശം.തോന്നിയതു പോലെ ആളുകൾക്കു കയറാൻ ക്ഷേത്രങ്ങൾ കനിമൊഴിയുടെ കിടപ്പുമുറി പോലെയാണോയെന്നായിരുന്നു ഗോപീകൃഷ്ണൻ പറഞ്ഞത്. കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയ്‌ക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയ ബിജെപി ഐടി സെൽ ഭാരവാഹിക്കെതിരെ നേരത്തെ ഖുഷ്ബു രംഗത്തെത്തിയിരുന്നു.