rajappan-

ന്യൂഡൽഹി: എഴുപത്തിമൂന്നാമത് മൻ കി ബാത്തിൽ വേമ്പനാട് കായലിന്റെ സംരക്ഷകനായ രാജപ്പനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മഹത്തായ ജോലിയാണ് രാജപ്പൻ ചെയ്യുന്നത് എന്നായിരുന്നു മോദിയുടെ അഭിനന്ദനം. കായലിൽ വലിച്ചെറിയുന്ന കുപ്പി പെറുക്കി വിറ്റ് ജീവിക്കുന്നയാളാണ് രാജപ്പൻ. അഞ്ചാം വയസിൽ പോളിയോ ബാധിച്ച ഇദ്ദേഹത്തിന്റെ രണ്ട് കാലുകൾക്കും സ്വാധീനമില്ല. കായലിൽ വലിച്ചെറിയുന്ന കുപ്പികൾ പെറുക്കി ജീവിക്കുന്ന കോട്ടയത്തെ രാജപ്പൻ ചേട്ടനെ സോഷ്യൽ മീഡിയയിലൂടെയാണ് ലോകമറിഞ്ഞത്.

രാവിലെ ആറ് മണിയാകുമ്പോൾ രാജപ്പൻ വളളവുമായി കായലിലിറങ്ങും. മിക്കപ്പോഴും രാത്രിയാകും മടങ്ങിയെത്താൻ. ഏഴ് വർഷമായി രാജപ്പൻ ഈ തൊഴിൽ ചെയ്യുകയാണ്. കൂടുതലൊന്നും കിട്ടിയില്ലെങ്കിലും അന്നത്തെ ചെലവിനുളള ചില്ലറ മാത്രം കിട്ടണമെന്നാണ് ഇദ്ദേഹത്തിന് പറയാനുളളത്.

പൊളിഞ്ഞു വീഴാറായ വീട്ടിലാണ് രാജപ്പന്റെ താമസം. വീട്ടിൽ വൈദ്യുതിയുമില്ല. മെഴുകുതിരി കത്തിച്ചാണ് രാത്രി തളളി നീക്കുന്നത്. എങ്കിലും തന്റെ ജോലിയിൽ രാജപ്പൻ സന്തുഷ്‌ടനാണ്.