vs-sivakumar

തിരുവനന്തപുരം: മണ്ഡലം മാറുന്നുവെന്ന അഭ്യൂഹങ്ങൾക്കിടെ നിലപാട് വ്യക്തമാക്കി വി എസ് ശിവകുമാർ എം എൽ എ. മത്സരിക്കുന്നെങ്കിൽ അത് തിരുവനന്തപുരം മണ്ഡലത്തിൽ നിന്നായിരിക്കും എന്നായിരുന്നു ശിവകുമാറിന്റെ പ്രതികരണം. ഇക്കാര്യം പാർട്ടിയെ അറിയിച്ചിട്ടുണ്ട്. ഉമ്മൻചാണ്ടി നേമത്തോ തിരുവനന്തപുരത്തോ മത്സരിക്കാനെത്തുമെന്ന പ്രചാരണങ്ങൾക്കിടെയാണ് ശിവകുമാറിന്റ തുറന്നുപറച്ചിൽ.

തിരുവനന്തപുരത്തോട് വൈകാരിക ബന്ധമാണുളളതെന്നും തിരുവനന്തപുരമാണ് പ്രവർത്തന മണ്ഡലമെന്നും ശിവകുമാർ പറഞ്ഞു. തിരുവനന്തപുരത്ത് നിന്ന് മാറുന്ന ഒരു സാഹചര്യവുമില്ല. ബാക്കി കാര്യങ്ങൾ പാർട്ടിയാണ് തീരുമാനിക്കേണ്ടത്. നിയോജക മണ്ഡലത്തിൽ അത്രയധികം വികസന പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്. ജനങ്ങളുമായി ദീർഘകാലത്തെ ആത്മബന്ധമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തിരുവനന്തപുരത്ത് തുടർച്ചയായി രണ്ടുവട്ടം ജയിച്ചയാളാണ് വി എസ് ശിവകുമാർ. അദ്ദേഹം തിരുവനന്തപുരത്ത് തന്നെ ഉറച്ചുനിന്നാൽ വട്ടിയൂർക്കാവിലും നേമത്തും ശക്തരായ സ്ഥാനാർത്ഥികളെ കോൺഗ്രസിന് കണ്ടെത്തേണ്ടി വരും. ബി ജെ പിയും സി പി എമ്മും തുല്യശക്തികളായ നേമത്ത് ഉമ്മൻചാണ്ടി തന്നെ മത്സരിക്കണമെന്ന വാദം ഇപ്പോഴും ശക്തമാണ്.