cricket

ബംഗളൂരു: സൗത്ത് ഇന്ത്യൻ ഗാർമെന്റ്സ് മാനുഫാക്ച്ചേഴ്സ് അസോസിയേഷൻ (സിമ്ര) സംഘടിപ്പിക്കുന്ന 'സിമ്ര പ്രീമിയർ ലീഗ്-2021' ഫെബ്രുവരി ഒന്നിന് ബംഗളൂരു ജസ്റ്റ് ക്രിക്കറ്റ് സ്‌റ്റേഡിയത്തിൽ തുടക്കമാകും. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നിശ്ചലമായ വസ്ത്രവ്യാപാര മേഖലയ്‌ക്ക് അത്മവിശ്വാസം നൽകി ഉണർവ് പകരുക, വിവിധ തട്ടിലെ വ്യാപാരികൾ തമ്മിലുളള ബന്ധം ഊഷ്മളമാക്കി വസ്ത്ര വ്യാപാര മേഖലയിൽ ആരോഗ്യകരമായ മത്സരങ്ങൾക്ക് വേദിയൊരുക്കുക എന്നിവയാണ് ടൂർണമെന്റിന്റെ ലക്ഷ്യം.

ടൂർണമെന്റിന്റെ പ്രചരണാർത്ഥം തയ്യാറാക്കിയ പ്രമോ വീഡിയോ നവമാദ്ധ്യമങ്ങളിൽ ശ്രദ്ധ നേടിയിരുന്നു. ദക്ഷിണേന്ത്യയുടെ ക്രിക്കറ്റ് പൈതൃകത്തെ മനോഹരമായി ചിത്രീകരിച്ചിരിക്കുകയാണ് ഒന്നര മിനിട്ടുളള പ്രമോ വീഡിയോ. സി ജി ഫാക്ടറി പ്രൊഡക്ഷൻസിന്റെ ബാനറിൽ സി പി ഷഹീബ് സംവിധാനവും എഡിറ്റിംഗും നിർവഹിച്ചിരിക്കുന്ന വീഡിയോയ്ക്ക് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് റിയാസ് പയ്യോളിയാണ്. ഫൈസൽ മുഹമ്മദ് കോ-ഓർഡിനേഷനും റമീസ് കീഴൂർ ക്യാമറയും നിർവഹിച്ചിരിക്കുന്ന പ്രമോയുടെ അസോസിയേറ്റ് ഡയറക്‌ടർ സന്തോഷ് ദേവകിയാണ്. പൂർണമായും കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചുകൊണ്ടാണ് ടൂർണമെന്റ് സംഘടിപ്പിക്കുന്നത്.

നാലു ദിവസങ്ങളിലായി വിവിധ സംസ്ഥാനങ്ങളിൽ നിന്നുളളവർ ഒമ്പത് ടൂർണമെന്റിൽ ഏറ്റുമുട്ടും. പ്രമുഖ വസ്ത്ര നിമ്മാതാക്കളായ സ്റ്റിച്ച്‌ബേർഡും വസ്ത്ര ബ്രാൻഡായ ഡെറിക്ക് മാർക്കുമാണ് മുഖ്യ സ്പോൺസർമാർ. സിമ്രയൽ അംഗങ്ങളായവർക്ക് പുറമെ വസ്ത്ര വ്യാപാരരംഗത്ത് പ്രവർത്തിക്കുന്ന മൊത്തവ്യാപാരികളും ചെറുകിട വ്യാപാരികളും ടൂർണമെന്റിന്റെ ഭാഗമാകും.

ടീം: കൊച്ചി-എറണാകുളം സോൺ, നികോട്ടിൻ- ബാംഗ്ലൂർ സോൺ, ബാംഗ്ലൂർ റോയൽസ്- ബാംഗ്ലൂർ സോൺ, ലണ്ടൻ ബോയ്‌സ്- കാലിക്കറ്റ് സോൺ, എ ബി സി യു എഫ് ക്ലബ്- ബാംഗ്ലൂർ സോൺ, ഡോവൻ ലാർക്ക്- കാലിക്ക്റ്റ് സോൺ, ടീം യു ഡി- എറണാകുളം സോൺ, മുഷ്‌കൻ ഗാർമെന്റ്സ് - കാലിക്കറ്റ് സോൺ, നെല്ലി- ബാംഗ്ലൂർ സോൺ.

ഒന്നാം സ്ഥാനക്കാർക്ക് സിമ്ര പ്രീമിയർ ലീഗ് വിന്നേഴ്‌സ് ട്രോഫിയും മൂന്ന് ലക്ഷം രൂപയുടെ ക്യാഷ് പ്രൈസും ലഭിക്കും. രണ്ടാം സ്ഥാനക്കാർക്ക് സിമ്ര പ്രീമിയർ ലീഗ് റണ്ണേഴ്‌സ് ട്രോഫിയും ഒരു ലക്ഷം രൂപയും സമ്മാനമായി ലഭിക്കും. ഇതിനൊപ്പം കളിക്കാർക്കായി നിരവധി വ്യക്തിഗത പുരസ്‌കാരങ്ങളും സമ്മാനിക്കും.