mullappally-ramachandran

കാസർകോട്: നേമത്ത് ഉമ്മൻചാണ്ടിയുടെ സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട നിലപാടിൽ മലക്കം മറിഞ്ഞ് കെ പി സി സി അദ്ധ്യക്ഷൻ മുല്ലപ്പളളി രാമചന്ദ്രൻ. ഉമ്മൻചാണ്ടി നേമത്ത് മത്സരിക്കുമെന്ന തരത്തിൽ ച‍ർച്ചകൾക്ക് തുടക്കമിട്ടത് ആരാണെന്ന് അറിയില്ലെന്നും അദ്ദേഹം പുതുപ്പളളിയിൽ നിന്നും മാറേണ്ട യാതൊരു സാഹചര്യവുമില്ലെന്നുമാണ് മുല്ലപ്പളളിയുടെ പ്രതികരണം.

ആരാണ് ഈ ചർച്ചയ്‌ക്ക് തുടക്കം കുറിച്ചത്. എവിടെ നിന്നാണ് നിങ്ങൾക്ക് അത്തരമൊരു വിവരം കിട്ടിയത്. ഉറവിടമില്ലാത്ത ഒരു വാർത്തയെ കുറിച്ച് എന്ത് ചർച്ച ചെയ്യാനാണ്. ഉമ്മൻ ചാണ്ടി പുതുപ്പളളിയിൽ നിന്നും മാറേണ്ട സാഹചര്യമെന്താണ് എന്നിങ്ങനെയായിരുന്നു മുല്ലപ്പളളിയുടെ ചോദ്യങ്ങൾ.

അമ്പത് വ‍ർഷമായി തുടർച്ചയായി പുതുപ്പളളിയിൽ നിന്നും നിയമസഭയിലേക്ക് ജയിച്ചു വരുന്ന ആളാണ് ഉമ്മൻചാണ്ടി. കോൺ​ഗ്രസ് രാഷ്ട്രീയത്തിലെ റെക്കോർഡാണ് അത്. അദ്ദേഹത്തിന്റെ നിയമസഭാം​ഗത്വത്തിന്റെ അമ്പതാം വാ‍ർഷികം കേരളീയ പൊതുസമൂഹം ഒന്നാകെയാണ് ആഘോഷിച്ചത്. ആ അനുമോദന ചടങ്ങിൽ താനാണ് അദ്ധ്യക്ഷത വഹിച്ചത്. ഉമ്മൻ ചാണ്ടിയുടെ പോപ്പുലാരിറ്റിയെ കുറിച്ച് നന്നായി അറിയാവുന്ന ആളെന്ന തരത്തിൽ അങ്ങനെയൊരു പ്രസ്‌‌താവന എവിടെ നിന്നാണ് വന്നതെന്ന് തനിക്കറിയില്ലെന്നും മുല്ലപ്പളളി പറഞ്ഞു.

ഏതെങ്കിലും ഒരു സീറ്റിനെ കുറിച്ചോ സീറ്റ് വിഭജനത്തെ കുറിച്ചോ ഹൈക്കമാൻഡ് ചർച്ച നടത്താറില്ല. താനും ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും ഇവിടെ നിന്നും ഡൽഹിക്ക് പോയി. അവിടെ ആന്റണിയും കെ സി വേണു​ഗോപാലും ചർച്ചകളുടെ ഭാ​ഗമായി. ആ ചർച്ചയിൽ ഒരിടത്ത് പോലും സീറ്റ് വിഭജനം ചർച്ചയായില്ല. ഏറ്റവും മികച്ച സ്ഥാനാ‍ർത്ഥികളെ കണ്ടെത്തുക, മത്സരിക്കുന്നവ‍ർ ജയിച്ചു വരുന്നു എന്നുറപ്പാക്കുക ഇതാണ് ഹൈക്കമാൻഡ് സാന്നിദ്ധ്യത്തിൽ ചർച്ചയായ പ്രധാന കാര്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.