ബംഗളൂരു: മുൻ എ.ഐ.എ.ഡി.എം.കെ നേതാവും ജയലളിതയുടെ തോഴിയുമായിരുന്ന വി.കെ. ശശികല ആശുപത്രി വിട്ടു. അനധികൃത സ്വത്തുസമ്പാദനക്കേസിൽ ശിക്ഷാകാലാവധി പൂർത്തിയാക്കി ജയിൽ മോചിതയായിട്ടും ബംഗളൂരു വിക്ടോറിയ ആശുപത്രിയിൽ കൊവിഡ് ചികിത്സയിൽ കഴിയുകയായിരുന്ന ശശികലയെ ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയാണ് ഡിസ്ചാർജ് ചെയ്തത്.
ആശുപത്രി പരിസരത്ത് തടിച്ച്കൂടിയ നൂറുകണക്കിന് അനുയായികൾ ആർപ്പുവിളികളോടെയാണ് വീൽ ചെയറിലെത്തിയ 'ചിന്നമ്മയെ' എതിരേറ്റത്.
പാർട്ടിപ്രവർത്തകരെ കൈകൂപ്പി ശശികല അഭിവാദ്യം ചെയ്തു.
തുടർന്ന് അമ്മാ മുന്നേറ്റ കഴകം നേതാവും എം.എൽ.എയുമായ ടി.ടി.വി ദിനകരൻ, മുൻമന്ത്രി പളനിയപ്പൻ എന്നിവർക്കൊപ്പം എ.ഐ.എ.ഡി.എം.കെ പതാക വച്ച കാറിൽ യാത്രതിരിച്ചു.
തമിഴ്നാട് - കർണാടക അതിർത്തിയിൽ ഏഴുദിവസത്തെ ക്വാറന്റൈനിൽ കഴിയുന്ന ശശികല വെള്ളിയാഴ്ച തമിഴ്നാട്ടിലേക്ക് മടങ്ങുമെന്നാണ് വിവരം.
ശശികലയുടെ തമിഴ്നാട്ടിലേക്കുള്ള തിരിച്ചുവരവ് ആഘോഷമാക്കാനാണ് എ.ഐ.എ.ഡി.എം.കെ ഒരുങ്ങുന്നത്. ആയിരക്കണക്കിന് കാറുകളുടെ അകമ്പടിയോടെ ശശികലയെ ചെന്നൈയിലേക്ക് കൊണ്ടുപോകാനാണ് നീക്കം.
ആദ്യം ജയലളിതയുടെ സമാധി സന്ദർശിക്കുന്ന ശശികല, പ്രവർത്തകരെ അഭിസംബോധന ചെയ്യും. പിന്നീട് തമിഴ്നാട് തിരഞ്ഞെടുപ്പിന്റെ ചർച്ചകളിലേക്കും പ്രചാരണത്തിലേക്കും കടക്കും.
വിവാദങ്ങൾ, പൊട്ടിത്തെറികൾ
ശശികല മോചിതയായതോടെ തമിഴ്നാട് രാഷ്ട്രീയം കലങ്ങിമറിയുകയാണ്. അണ്ണാ ഡി.എം.കെയുടെ കൊടിവച്ച കാറിൽ ശശികല സഞ്ചരിച്ചതിനെതിരെ പാർട്ടിയിലെ ഒരു വിഭാഗം രംഗത്തെത്തി. കോടതിയെ സമീപിക്കാനാണ് ഇവരുടെ നീക്കം.
അണ്ണാ ഡി.എം.കെ ജനറൽ സെക്രട്ടറി ശശികല തന്നെയാണെന്നും എക്സിക്യൂട്ടീവ് കമ്മിറ്റി ഉടൻ വിളിച്ചുചേർക്കുമെന്നും ടി.ടി.വി ദിനകരൻ പ്രതികരിച്ചു. കൂടുതൽ നേതാക്കൾ തങ്ങൾക്കൊപ്പം വരുമെന്ന് പ്രത്യാശ പ്രകടിപ്പിച്ച അദ്ദേഹം പാർട്ടി കൊടി ഉപയോഗിക്കാൻ എല്ലാവിധ അർഹതയും ശശികലയ്ക്കുണ്ടെന്നും വാദിച്ചു.
അതേസമയം ശശികലയെ പിന്തുണയ്ക്കുന്നവരെ പുറത്താക്കുമെന്ന് എടപ്പാടി പളനിസ്വാമി മുന്നറിയിപ്പ് നല്കി. ശശികലയെ അനുകൂലിച്ച മൂന്ന് ജില്ലാസെക്രട്ടറിമാരെ നേരത്തെ പുറത്താക്കിയിരുന്നു. വഞ്ചകരെ പുറത്താക്കി പാർട്ടിയെ വീണ്ടെടുക്കുമെന്ന് ശശികല പക്ഷത്തിന്റെ മുഖപത്രമായ നമതു എം.ജി.ആർ മുഖപ്രസംഗമെഴുതിയിരുന്നു.