ബീജിംഗ്: ചൈന കഴിഞ്ഞ വർഷം മാത്രം നിറുത്തലാക്കിയത് 18,489 വെബ്സൈറ്റുകൾ. 4,551 ഓൺലൈൻ പ്ലാറ്റ്ഫോമുകൾക്ക് മുന്നറിയിപ്പ് നോട്ടീസ് നൽകുകയും ചെയ്തതെന്ന് സർക്കാർ നിയന്ത്രിത മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. നിയമ വിരുദ്ധമായതിനാലാണ് സൈറ്റുകൾ നിറുത്തലാക്കിയതെന്നാണ് ചൈനയുടെ പക്ഷം.
ഒാൺലൈൻ കോഴ്സുകൾ എന്ന വ്യാജേന, ഒാൺലൈൻ ഗെയിമിംഗും ഡേറ്റിംഗ് വിവരങ്ങളും പ്രമോട്ട് ചെയ്തതിനാണ് വെബ് സൈറ്റുകൾ അടച്ചുപൂട്ടിയത്. അശ്ലീലവും അക്രമപരവുമായ ഉള്ളടക്കം ഉൾപ്പെടെയുള്ള നിയമവിരുദ്ധമായ കാര്യങ്ങൾ പ്രചരിപ്പിച്ചതിനാണ് മറ്റുള്ളവക്ക് മുന്നറിയിപ്പ് നൽകിയത് - സൈബർസ്പേസ് അഡ്മിനിസ്ട്രേഷൻ ഒഫ് ചൈന (സി.എ.സി) പറഞ്ഞു. അതേസമയം, ചൈനീസ് സർക്കാരിനെ വിമർശിച്ചുകൊണ്ടുള്ള ഉള്ളടക്കങ്ങളുള്ള വെബ്സൈറ്റുകളും വിലക്കിയവയിലുണ്ടെന്നാണ് വിമർശകരുടെ ആരോപണം.
നിയമവിരുദ്ധ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതും സമൂഹത്തിന് ഭീഷണിയാകുന്നതും കുട്ടികളെ മോശമായി ബാധിക്കുന്ന വിവരങ്ങൾ ഉൾക്കൊള്ളുന്നതുമായ പ്ലാറ്റ്ഫോമുകളുള്ള സൈബർ സ്പേസ് ശുദ്ധീകരിക്കുന്നതിനായി 2020 ൽ സൈബർസ്പേസ് അഡ്മിനിസ്ട്രേഷൻ വകുപ്പുകൾ നിരവധി പ്രചാരണ പരിപാടികൾ ആരംഭിച്ചതായി സർക്കാർ നിയന്ത്രിത വാർത്താ ഏജൻസിയായ സിൻഹുവ റിപ്പോർട്ട് ചെയ്തു.
ഇന്റർനെറ്റ് ഉപയോഗത്തിന് നിയന്ത്രണം ഏർപ്പെടുത്തുന്ന മുൻപന്തിയിലാണ് ചൈന. വിദേശ സമൂഹമാദ്ധ്യമ പ്ലാറ്റ്ഫോമുകൾക്കും സേർച്ച് എൻജിനുകൾക്കും പകരം സ്വദേശി ആപ്പുകളേയും സേർച്ച് എൻജിനുകളുമാണ് ചൈനക്കാർ ഉപയോഗിക്കുന്നത്.