വാഷിംഗ്ടൺ: വടക്കൻ സിറിയയിലെ അഭയാർത്ഥി ക്യാമ്പിൽ ആരോരുമില്ലാതെ ഒറ്റപ്പെട്ട് കഴിയുന്ന കുട്ടികളെ ഏറ്റെടുക്കാൻ ആഗോള രാഷ്ട്രങ്ങൾ തയ്യാറാകണമെന്ന് ഐക്യരാഷ്ട്രസഭ ഭീകരവിരുദ്ധ സംഘത്തിന്റെ മേധാവി വ്ലാദിമിർ വൊറോൻകോവ്. കുട്ടികളിലേറെ പേരും ഐ.എസ് ഭീകരരുടെ മക്കളാണ്. അഭയാർഥി ക്യാമ്പുകളിൽ കുട്ടികൾ നേരിടുന്ന പ്രശ്നങ്ങൾ ലോകത്തിന്റെ സമാധാനം നഷ്ടപ്പെടുത്തുന്നവയിൽ ഒന്നാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഭീകരരുടെ മക്കളായതിന്റെ പേരിൽ ആളുകളുടെ വെറുപ്പും പേറി ഒറ്റപ്പെട്ട് കഴിയുകയാണവർ. ഈ തിക്താനുഭവം ക്യാമ്പുകളിൽതന്നെ വീണ്ടും ഭീകരത വളർത്താൻ ഇടയാക്കുമെന്നും വൊറോൻകോവ് മുന്നറിയിപ്പു നൽകി. വടക്കൻ സിറിയയിലെ ഏറ്റവും വലിയ അഭയാർത്ഥി ക്യാമ്പായ അൽഹോലിൽ 62,000ത്തോളം പേരാണ് കഴിയുന്നത്. ഇതിൽ ഭൂരിഭാഗവും കുട്ടികളും സ്ത്രീകളുമാണ്. ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന്റെ പതനം സിറിയയിലും ഇറാക്കിലും 2019ൽ പൂർണമായതോടെയാണ് ഈ ക്യാമ്പിലേക്ക് ആളുകൾ ഒഴുകിയത്. ഇത്തരത്തിലുള്ള നിരവധി ക്യാമ്പുകൾ വടക്കുകിഴക്കൻ സിറിയയിലുണ്ട്. 60 രാജ്യങ്ങളിൽനിന്നുള്ളവരാണ് ഇവിടങ്ങളിൽ കഴിയുന്നത്. അതിനാൽ അവരെ ഏറ്റെടുക്കാൻ മറ്റു രാജ്യങ്ങൾക്ക് ബാദ്ധ്യതയുണ്ടെന്നും വൊറോൻകോവ് കൂട്ടിച്ചേർത്തു.